2012, സെപ്റ്റംബർ 30, ഞായറാഴ്‌ച


തെലുങ്കാന റാലിയില്‍ പരക്കെ സംഘര്‍ഷം


ഹൈദരാബാദില്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു

ഹൈദരാബാദ് (ആന്ധ്രപ്രദേശ്): തെലുങ്കാന പ്രശ്‌നത്തില്‍ ഹൈദരാബാദ് നഗരം ഞായറാഴ്ച കലാപകലുഷിതമായി. പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് തെലുങ്കാന സംയുക്തസമരസമിതി ആഹ്വാനം ചെയ്ത റാലിയില്‍ പങ്കെടുക്കാനായി രാവിലെ മുതല്‍ എത്തിയവരാണ് അക്രമാസക്തമായത്. മുഖ്യമന്ത്രി കിരണ്‍ റെഡ്ഡിയുടെ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തിയ, തെലുങ്കാന മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി.മാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

ഹുസൈന്‍ സാഗര്‍ കായലിന്റെ തീരത്തുള്ള നെക്‌ലേസ് റോഡില്‍ വൈകിട്ട് നടന്ന റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. ഇവിടെ അക്രമത്തിനു മുതിര്‍ന്നവരെ പിരിച്ചുവിടാന്‍ പോലീസ് രണ്ടുതവണ ആകാശത്തേക്കു വെടിവെച്ചു. പ്രക്ഷോഭകര്‍ രണ്ടു പോലീസ് വാഹനങ്ങളും ടെലിവിഷന്‍ ചാനലുകളുടെ മൂന്നു വാഹനങ്ങളും തീവെച്ചു നശിപ്പിച്ചു.

നെക്‌ലേസ് റോഡ് റെയില്‍വേ സ്റ്റേഷന് സമരക്കാര്‍ തീവെച്ചതായും റിപ്പോര്‍ട്ടുണ്ട്. റോഡിനു സമാന്തരമായുള്ള തീവണ്ടിപ്പാളത്തില്‍ പ്രക്ഷോഭകര്‍ ദീര്‍ഘനേരം കുത്തിയിരുന്നു. രാവിലെ മുതല്‍ നെക്‌ലേസ് റോഡിലേക്ക് ജാഥയായി എത്തിച്ചേരാന്‍ ശ്രമിച്ച പ്രക്ഷോഭകരെ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പലേടങ്ങളിലും പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു
.

അഭിപ്രായങ്ങളൊന്നുമില്ല:

[