2024, ഏപ്രിൽ 19, വെള്ളിയാഴ്‌ച

[ഇബ്നു സൈദ് എഴുതുന്നു ... 😍🖊

"അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹ്.."

ഞാൻ ഫീഡ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നല്ല ഇബ്രാഹിം യൂസഫ് ഹയാൽ വിളിക്കുന്നത്. പക്ഷേ, ശബ്ദം കൊണ്ട് പെട്ടെന്ന് തിരിച്ചറിഞ്ഞു. ഞാൻ സലാം മടക്കി. ----ദ് അന രീദ് ശൂഫക്ക് ഇന്ത ( ----ദ് എനിക്ക് നിന്നെയൊന്നു കാണണം?).

പടച്ചോനെ.., എന്ത് ഗുലുമാലാണ് വരുന്നതെന്നറിയാതെ ഞാൻ പറഞ്ഞു "നിങ്ങൾ എവിടെയാണുള്ളത്? ഞാനങ്ങോട്ട് വരാം എന്ന്".

അദ്ദേഹം ദൈദിലുള്ള വീട്ടിലെ മജ്ലിസിൽ ഉണ്ടെന്നും വേഗം വരാവോ എന്നും ചോദിച്ചു. ഞാൻ പെട്ടെന്ന് പോയി. സാധാരണ UAE അറബികൾ മൂക്ക് തമ്മിൽ മുട്ടിച്ചാണ് സ്നേഹപ്രകടനം നടത്തുക. പക്ഷേ, എന്നെ കെട്ടിപ്പിടിച്ചു. പുറം തഴുകിക്കൊണ്ട് ഇത്തിരി നേരം. എനിക്കൊന്നും മനസ്സിലായില്ല. 

കണ്ണ് നനഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു. ഖഹ്വയും അണ്ടിപ്പരിപ്പും ഈന്തപ്പഴവും മുന്നിൽ വെച്ച് ഒഴിച്ചു തന്നു. ഖഹ്വയിൽ ഏലക്കയുടേം കുങ്കുമത്തിന്റേയും ചെറു മണം. ഞാൻ കുടിക്കുമ്പോഴും ഇടയ്ക്കിടെ പുറത്ത് തഴുകുന്നു. 

അദ്ദേഹം പറഞ്ഞു തുടങ്ങി ആയിരം വർഷങ്ങൾക്ക് മേൽ കേരളവും അറബ് നാടുമായുള്ള ബന്ധത്തെ കുറിച്ച്. വ്യാപരത്തെ കുറിച്ച്. അരി കിട്ടുന്നതിനെ കുറിച്ച്. ഉരു നിർമ്മിക്കാൻ ബേപ്പൂർ പോയ വല്യുപ്പയെ കുറിച്ച്. പഴയ കാലത്തെ കുറിച്ച്. ഇപ്പോഴും പഴയ അറബികളുടെ കോഴിക്കോടൻ ഭാര്യമാരെ കുറിച്ച്. എന്നോട് ഇത്ര സ്നേഹത്തിൽ ആരാണ് പറയുന്നതെന്ന്? നാലഞ്ച് വർഷം മുൻപ് വരേ റാക്ക് ഇക്കണോമിക് ഡിപ്പാർട്മെന്റിന്റെ ഹെഡ്. 

ഏത് വിഷയത്തിലേക്കാണ് വരുന്നതെന്ന് അറിയാതെ ഞാൻ കാത്ത് നിൽക്കുമ്പോൾ അദ്ദേഹം പറഞ്ഞു തുടങ്ങി. ഇന്നും മുഖ്യധാരയിലേക്ക് വരാത്ത ചില സൗദി ബദ്വിവികളെ കുറിച്ച്. അഞ്ചാറു മാസം മുൻപ് അബദ്ധത്തിൽ ഒരു അറബിയെ മറ്റൊരു അറബി യുവാവിന്‍റെ അശ്രദ്ധ കൊണ്ട് മരണത്തിൽ എത്തിപ്പോയ കഥ. തമാശയിൽ സംഭവിച്ചതിന് 100 ഗോത്രത്തിന്‍റെ സ്വത്തുക്കൾ തരാമെന്ന് പറഞ്ഞിട്ടും മരണത്തിലേക്ക് യാതൊരു കാരുണ്യവും കൂടാതെ മാപ്പ് കൊടുക്കാത്ത അയാളുടെ ഉപ്പയെ കുറിച്ച്. കൊലപാതകം വിധിച്ച ദിവസത്തിന്‍റെ തലേന്ന് രാത്രി സ്ത്രീകളും പുരുഷന്മാരും തലപ്പാവ് അഴിച്ചു ആ വീടിനു മുന്നിൽ മാപ്പിനായി രാവിലെ വരേ ഇരുന്നിട്ടും കരുണയില്ലാത്ത ഹൃദയത്തെ കുറിച്ച്.

ഒരിക്കലും ഒരു മലബാരിയിൽ നിന്ന് കിട്ടില്ലെന്ന്‌ ഉറപ്പുള്ള ദിയാ മണി ചോദിച്ചത് അവർ അയാളുടെ മരണം ആഗ്രഹിച്ചായിരിക്കും. പക്ഷേ, നിങ്ങൾ അവരെ തോൽപ്പിച്ചു. 

എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു. പണം അയക്കേണ്ട ലിങ്ക് ഉസ്മാൻ (ഡ്രൈവർ) തന്നിരുന്നു. പക്ഷേ, ഞാൻ അയക്കുമ്പോഴേക്കും പണം പൂർത്തിയായി ലിങ്ക് ക്ലോസ് ചെയ്തിരുന്നു. കേരളത്തെ പറ്റി, മനുഷ്യരെ പറ്റി എന്തൊക്കെയോ പറഞ്ഞു. വാക്കുകൾക്ക് ദാഹം പോലെ..., മതി വരുന്നില്ല പറഞ്ഞിട്ട്.

ഒരു ചെറുതല്ലാത്ത പണം എന്‍റെ കയ്യിൽ തന്നു അദ്ദേഹം പറഞ്ഞു "നീയിത് കേരളത്തിലെ മനുഷ്യർക്ക് എന്തേലും ചെയ്യണം. ഞാൻ അയക്കാൻ വെച്ച പൈസ ആയിരുന്നു." എന്ന്. 

2018 ലെ ഫ്ലഡിൽ 200 ഓളം പുതപ്പ് തന്ന് സഹായിച്ച മനുഷ്യനാണ്. ഞാൻ ചോദിച്ചു "ഈ പണം മൂന്നോ, നാലോ കിണർ കുഴിക്കാൻ ഉപയോഗിച്ചോട്ടേ?" എന്ന്. 

"ദാഹം അകറ്റാനുള്ള മാർഗ്ഗത്തേക്കാൾ വലുത് എന്തുണ്ട്? നീ ഉപയോഗിക്കുക." 

അതുവരെ പേര് വിളിച്ച ഞാൻ പറഞ്ഞു "അറബാബ്.., ഞാൻ ജൂണിൽ നാട്ടിൽ പോകും. അപ്പോൾ ഞാൻ വാങ്ങിച്ചോളാം" എന്ന്. വേണ്ടെന്നും എന്‍റെ കയ്യിൽ വെച്ചോ എന്നും പറഞ്ഞു. ഞാൻ വേണ്ടെന്നും എനിക്ക് ജൂണിൽ തന്നാൽ മതിയെന്നും പറഞ്ഞപ്പോൾ ഉസ്മാനെ വിളിച്ചു കൊടുത്തിട്ട് പറഞ്ഞു ----ദിന് ഈ പണം ജൂണിൽ കൊടുക്കണം എന്ന് പറഞ്ഞേൽപ്പിച്ചു. 

അതിനിടയിൽ മക്കളുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കെട്ടിപ്പിടിച്ചു തന്നെ ഞങ്ങൾ പിരിഞ്ഞു.

ഞാനെന്‍റെ തിരക്കിലേക്ക് തിരിഞ്ഞു. വൈകുന്നേരം മോള് വിളിക്കുന്നു. ഉപ്പാ.., ഇബ്രാഹിം അറബി വന്നിരുന്നു. ചെച്ചുവിന് ഉമ്മയൊക്കെ കൊടുത്തിട്ട് എനിക്കൊരു ബാസ്കറ്റ് നിറയെ ചോക്ലേറ്റ് തന്നു. ജ്യൂസ് പോലും കുടിക്കാതെ തിരിച്ചു പോയി എന്ന്.

ഹമ്ര ബീച് വില്ലേജിനടുത്ത് ഡ്രൈവിംഗിൽ ആയിരുന്നു ഞാൻ. വണ്ടി സൈഡാക്കി കടല് നോക്കി നിന്നു. മനുഷ്യ മനസ്സിനെക്കാളും വലിയതല്ല കടൽ എന്ന് തോന്നി. കടൽക്കാറ്റ് ആരുടെയൊക്കെയോ കാരുണ്യത്തിന്‍റെ നെടുവീർപ്പാണെന്നും...

കേരളത്തെ ലോകം ശ്രദ്ധിക്കുന്നുണ്ട്.

കടലൊക്കെ എത്ര ചെറുതാണ്.

(Image used for illustration purposes only)

അഭിപ്രായങ്ങളൊന്നുമില്ല:

[