2016, ജനുവരി 29, വെള്ളിയാഴ്‌ച

കോവളത്ത് എസ്.എഫ്.ഐയും പൊലീസും ഏറ്റുമുട്ടി,​ ടി.പി ശ്രീനിവാസനെ മുഖത്തടിച്ച് വീഴ്‌ത്തി

തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ കോവളത്ത് സംഘർഷം. സമരക്കാർ പൊലീസിനുനേരെ കല്ലേറു നടത്തി. പൊലീസ് ലാത്തിവീശി. വിദ്യാഭ്യാസ സംഗമത്തിന്റെ മുഖ്യ സംഘാടകനായ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐക്കാർ മർദ്ദിച്ചു. അദ്ദേത്തെ പ്രവർത്തകരിലൊരാൾ കവാലത്തിന് അടിച്ചുവീഴ്‌ത്തി. പൊലീസ് നോക്കി നിൽക്കെയാണ് ഈ അതിക്രമം. വാഹനം തടഞ്ഞ വിദ്യാർത്ഥികൾ വേദിയിലേക്ക് നടന്നുപോകാൻ തുനിഞ്ഞ അദ്ദേഹത്തെ മർദ്ദിച്ച് തിരിച്ചയച്ചു. വിദ്യാഭ്യാസ സംഗമം നടക്കുന്ന കോവളം ലീലാ ഹോട്ടലിന് മുന്നിലെ റോഡ് ഉപരോധിച്ച വിദ്യാർത്ഥികളെ മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇന്നുരാവിലെ 9മണിയോടെയായിരുന്നു സംഭവം. ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് നോക്കിനിൽക്കെയാണ് ശ്രീനിവാസന് നേരെ കൈയേറ്റമുണ്ടായത്. സോളാർ കേസിലുൾപ്പെട്ട മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുമെന്ന് കരുതി സംഗമം നടക്കുന്ന കോവളം ലീലാ ഹോട്ടലും കോവളം ജംഗ്ഷനിൽ നിന്ന് ബീച്ചിലേക്കുള്ള റോഡും ഇന്നലെ രാത്രി മുതൽ ഉപരോധിച്ച വിദ്യാർത്ഥികളാണ് സംഗമത്തിൽ പങ്കെടുക്കാനെത്തിയ ടി.പി ശ്രീനിവാസനെ മ‌ർദ്ദിച്ചത്.

ഇന്ന് പുലർച്ചെ മുതൽ റോഡിലൂടെ ആരെയും കടത്തിവിടാൻ സമരക്കാർ തയ്യാറായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥി സംഘടനാ നേതാക്കളുമായി പലതവണചർച്ച നടത്തിയെങ്കിലും ആഗോള വിദ്യാഭ്യാസ സംഗമത്തിലും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനും പിന്നോട്ടില്ലെന്ന തീരുമാനത്തിലായിരുന്നു അവർ.

സർ‌ക്കാരിനും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടർന്ന വിദ്യാർത്ഥികളോട് പിരിഞ്ഞുപോകണമെന്നും അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചെങ്കിലും പിന്മാറുന്ന പ്രശ്നമില്ലെന്ന നിലപാടിലായിരുന്നു അവർ. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാ‌ർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കാൻ നടത്തിയ ശ്രമമാണ് കോവളത്ത് മണിക്കൂറുകളോളം സംഘർഷങ്ങൾക്കിടയാക്കിയത്.

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ കല്ലെറിഞ്ഞ വിദ്യാർത്ഥികളെ പൊലീസ് ലാത്തി ചാർജ് ചെയ്തു. ലാത്തിചാർജ് ആരംഭിച്ചയുടൻ പലവഴിക്ക് ചിതറിയോടിയ വിദ്യാർത്ഥികൾ പല സ്ഥലങ്ങളിൽനിന്നായി പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് ആറുറൗണ്ട് ടിയർഗ്യാസും പ്രയോഗിച്ചു. ലാത്തിചാർജിലും കല്ലേറിലും പൊലീസുകാരും വിദ്യാർത്ഥികളുമുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഘർഷത്തെയും പൊലീസ് നടപടിയെയും തുടർന്ന് കോവളം ജംഗ്ഷനും ബീച്ചും വിജനമായി. ലീലാ ഹോട്ടലിന് മുന്നിൽ നിന്ന് പലവഴിയ്ക്കായി ചിതറി ഓടിയ വിദ്യാർത്ഥികളും പൊലീസും കോവളം ജംഗ്ഷനിലും ബീച്ചിന്റെ ഭാഗങ്ങളിലും പല സ്ഥലങ്ങളിലായി ഏറ്റുമുട്ടി. ടൂറിസ്റ്റ് മേഖലയായ കോവളത്ത് വിദ്യാർത്ഥികളും പൊലീസും തമ്മിലുള്ള സംഘർഷം വിദേശികളുൾപ്പെടെയുള്ളവരെ ഭയചകിതരാക്കി.

സംഘർഷമറിഞ്ഞ് സിറ്റിയിൽനിന്ന് കൂടുതൽ പൊലീസ് കോവളത്തേക്ക് തിരിച്ചിട്ടുണ്ട്. സി.പി.എം , ഡി.വൈ.എഫ്.ഐ നേതാക്കളും സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോവളത്തെത്തിയിട്ടുണ്ട്. പൊലീസും നേതാക്കളുമായി പലതവണചർച്ചകൾ നടത്തിയെങ്കിലും സംഘർഷം നിയന്ത്രണവിധേയമാക്കാൻ തുടക്കത്തിൽ കഴിഞ്ഞില്ല.

അസി.കമ്മിഷണർമാരായ ജവഹർ ജനാർദ്, സുധാകരൻ പിള്ള, റെജി ജേക്കബ്ബ് തുടങ്ങിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സംഗമം നടക്കുന്ന സ്ഥലത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെ സംഗമത്തിൽപങ്കെടുക്കേണ്ട ഒരാളെയും ഇവിടേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഹോട്ടലിൽ താമസിച്ചിരുന്ന ടൂറിസ്റ്റുകളും പ്രതിഷേധത്തിൽ കുടുങ്ങിയിട്ടുണ്ട്. വിദ്യാർത്ഥിസമരവും ആഗോള വിദ്യാഭ്യാസ സംഗമവും കണക്കിലെടുത്ത് ശക്തമായ സുരക്ഷാ വലയത്തിലാണ് കോവളം. എന്നിവരുടെ നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാരെ കോവളത്ത് നിയോഗിച്ചിട്ടുണ്ട്. അറസ്റ്റുചെയ്ത സമരക്കാരുമായി നീങ്ങിയ വാഹനം എസ്.എഫ് .ഐ പ്രവർത്തകർ തടഞ്ഞത് വീണ്ടും സംഘർഷത്തിന് ഇടയാക്കിയിട്ടുണ്ട്. വാഹനത്തിന്റെ ടയറുകൾക്കിടയിൽ കിടന്ന് തടസം സൃഷ്ടിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

[