2019, ജൂലൈ 28, ഞായറാഴ്‌ച

കോയ സഖാവും വിടവാങ്ങി.. ശരികൾ കണ്ടാൽ കൈ തന്ന് അഭിനന്ദിക്കാനും , ശരി കേടുകൾ കണ്ടാൽ കണ്ണ് പൊട്ടുന്ന വഴക്ക് പറയാനും ഇനി വലിയങ്ങാടിയിൽ കോയ സഖാവ് ഉണ്ടാവില്ല. " കത്രി ബീഡി " കമ്പനിയിലെ ജോലിയിൽ നിന്നാണ് സഖാവ് ചെങ്കൊടിയോടൊപ്പം ചേർന്നത്. പിന്നീട് എൺപതുകളിൽ കുറച്ച് വർഷത്തെ പ്രവാസ ജീവിത ശേഷം നാട്ടിൽ ഒരു കച്ചവട സ്ഥാപനം തുടങ്ങി. പിന്നീട് മക്കളും [അഞ്ച് ആണും , ഒരു പെണ്ണും ] കച്ചവട രംഗത്തേക്ക് വന്നതോടെ പെരിന്തൽമണ്ണയിലെ അറിയപ്പെടുന്ന വ്യാപാരിയായി കോയ സഖാവും . കുറച്ച് കാലമായി പ്രായാധിക്യത്താൽ വിശ്രമ ജീവിതലായിരുന്നുവെങ്കിലും വൈകുന്നേരങ്ങളിൽ " വലിയങ്ങാടിയുടെ രാഷ്ട്രീയത്തെ സജീവമാക്കാൻ " സഖാവ് പിടിക കോലായിയിൽ പതിവായി എത്തിയിരുന്നു. എഴുപത്തിയെട്ടാം വയസ്സിലും സി പി എം ന് വേണ്ടി സംസാരിക്കുമ്പോൾ ഇന്നത്തെ യുവാക്കളേക്കാൾ ആവേശമായിരുന്നു കോയ സഖാവിന്. ആലങ്കാരികമായി "പ്രണയം " എന്നൊക്കെ പറയാമെങ്കിലും അതിനേക്കാളെല്ലാം മുകളിലായിരുന്നു. സഖാവ് കോയയും ചെങ്കൊടിയും തമ്മിലുള്ള ബന്ധം. നികത്താനാവത്ത ഒരു വിടവ് ബാക്കിവെച്ച് തന്നെയാണ് സഖാവ് ഞങ്ങളോട് വിടപറയുന്നത്. കണ്ണിൽനിന്ന് മറഞ്ഞാലും മനതാരില്ലെന്നും.. തെളിഞ്ഞു നിൽക്കുമതിനാൽ... ആചാരങ്ങളോതിവിട ചൊല്ലുന്നില്ല... NB :- യാദൃശ്ചികമാവാം .സഖാവിന്റെ ജീവിതത്തിലെ അവസാന ഫോട്ടോ CPI [M] ജില്ല സെക്രട്ടറിയേറ്റ് അംഗം V ശശികുമാറിനോട് ഒന്നിച്ചായിരുന്നു. ഭൂതകാലത്തിൽ വിരിഞ്ഞ പൂക്കളെ കുറിച്ചോർക്കയാണ് സഖാ. 1970കൾക്ക് ശേഷം....പെരിന്തൽമണ്ണ. ഈ നാടിന്റെ തെരുവുകൾ സദാ ആഹ്ളാദകരങ്ങളായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഓരോ റോഡിലേക്കും.. പ്രഭാതം മുതൽ പ്രദോഷം വരെ പലപ്പോഴായി ഞങ്ങൾ യാത്ര തിരിക്കും.. ഒന്നിനും വേണ്ടിയല്ല ഓരോ റോഡും സമരങ്ങളും പ്രകടനങ്ങളും വിശദീകരണങ്ങളും നിറഞ്ഞ്.... എൻ ജി ഒ, അധ്യാപക സമരങ്ങൾ കെ എസ് ആർ ടി സി. കമ്പി തപാൽ...കെ എസ് ഇ ബി മിച്ചഭൂമി സമരങ്ങൾ.. ചെത്തുതൊഴിലാളി സമരങ്ങൾ സി ഐ ടി യു നേതൃത്വം കൊടുത്ത സമരങ്ങൾ കർഷകസമരങ്ങൾ... നിരവധി ജാഥകൾ, സ്വീകരണങ്ങൾ... ധർണകൾ. അതുപോലെ പോരാട്ടങ്ങളുടെ ഓർമകൾ ചുമന്നു നിൽക്കുന്ന വിളറി... ഇടുങ്ങിയ വലിയങ്ങാടി തെരുവും...ഓർമയിൽ വരും. ഒഴിഞ്ഞ പോക്കറ്റുകളും... ഭ്രാന്തമായ പൊട്ടിച്ചിരികളുമായിരുന്നു ഞങ്ങൾക്കൊപ്പം. അത്തരമൊരു യാത്രയിലാണ്... മനോഹര ചിരികളിലാണ് പുളിയക്കുന്നനെ... സഖാവ് കോയയെ ഞാൻ കണ്ടുമുട്ടുന്നത്. അടിയന്തരാവസ്ഥയുടെ നാളുകൾക്ക് ശേഷം ആ ബീഡി തൊഴിലാളി... പുളിയകുന്നൻ കോയ... പിന്നീട് എന്റെ ആത്മമിത്രമായി. വിപ്ലവത്തിന്റെ സ്വപ്നങ്ങളിൽ.. 1985 വരെ ഒരു ദശാബ്ദത്തിലധികം കാലം പിന്നീട് ഞങ്ങളൊന്നിച്ചു. അതിനു ശേഷം ഞാൻ പ്രാദേശിക നേതാവായി. കോയ ചെറിയ ബിസിനസ്സുകളിലേക്കും. മഞ്ഞും തണുപ്പും ഗാഢമായി പുണർന്നു നിൽക്കുന്ന എത്രയെത്ര രാത്രികളിൽ...ഞങ്ങൾ കഥകൾ പറഞ്ഞ് ചുമരെഴുതി. നാലു റോഡുകളുടെയും ഓരോ ചുമരിനും... പ്രത്യേക ഗന്ധമുണ്ട് സഖാ. അതൊക്കെയന്ന് ഞങ്ങൾക്കാണറിയുക. മഴയുടെ കറുപ്പ് വ്യാപിച്ച മതിലുകൾ... കുതിർന്ന പായൽ പിടിച്ച ചുവരുകൾ... അരണ്ട വെളിച്ചത്തിൽ ആ ചുമരുകൾ... എഴുതാനായി ഞങ്ങൾ വെള്ള വലിച്ചിടും. ചിലപ്പോൾ കവി ദാമോദരൻ പ്രത്യക്ഷപ്പെടും. കവിയെ കൊണ്ട് കവിത ചൊല്ലിക്കും. ഒരു കവിത ചൊല്ലിയത് ഇങ്ങിനെ. "ചെറുകാട്.. ഒരു മരക്കൊമ്പ് ഞാനും.. രമണനും കുരങ്ങന്മാർ" എന്ന ഹൈക്കൂ കവിത. അത് കവിതയല്ലെന്ന് കോയ. ദാമോദരൻ ഭീകരമായി ചൂടാകും. നിരൂപണം നടത്താൻ കോയ വളർന്നില്ലെന്ന് ദാമോദരൻ. പിന്നീടത് നീണ്ട വഴക്കാവും. ഒരു തർക്കം...രാത്രി 11 മുതൽ പുലർച്ചെ 2 വരെ നീണ്ടു. മധ്യസ്ഥൻ ചെറുക്കനായ ഞാൻ.എന്തെല്ലാം രസങ്ങൾ. തമാശകൾ നിറഞ്ഞ് ക്ഷീണിക്കാത്ത മനസ്സുമായി ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും ആവാഹിക്കുന്ന ഒരു യോഗിവര്യനായിരുന്നു സഖാവ് കോയ. എല്ലാറ്റിനും ഒരസാധാരണത്വമുണ്ടായിരുന്നു. കാണുമ്പഴെല്ലാം സദാ സന്തോഷവാനായിരുന്നു. പാർടി മെമ്പറോ ഒന്നുമല്ലേലും.. കോയ പാർടിയായിരുന്നു. പാർടി തീരുമാനമൊന്നും മൂപ്പർക്കില്ല. അദ്ദേഹമെന്നെ സംബന്ധിച്ച് അവതാര പുരുഷൻ തന്നെയായിരുന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും ജീവിച്ചവനായിരുന്നു കോയ. ഓർമകൾ വാർന്നൊഴുകുന്നു. അരവിന്ദിന്റെ, ആനന്ദിന്റെ കല്യാണങ്ങളിൽ തലേന്നും... അന്നും പൂർണമായി എന്നോട് ഒപ്പം കോയ. മനസ്സ് ശൂന്യമാവുന്നു. ജീവിത ത്തിന്റെ ഒരു സഞ്ചാരപഥം അനാഥമായതു പോലെ. വാക്കുകൾ വഴി തെറ്റുന്നു സഖാ. മഹത്തായ ഒരു സൗഹൃദമായിരുന്നു അത്.കൂട്ടുകാരിൽ പലരും ശിഥിലമായപ്പൊഴും... സഖാവ് കോയ എനിക്കൊപ്പമുണ്ടായിരുന്നു. വലിയങ്ങാടിയുടെ പ്രതാപം... അസ്തമിക്കുകയാണ് സഖാ. എന്റെ... നമ്മുടെ പാർട്ടിയിലെ, കൗതുകങ്ങളെ പൂരിപ്പിക്കാൻ വൈവിധ്യമാർന്ന വഴികളിലൂടെ സഞ്ചരിക്കാൻ ഇനി കോയയില്ല. ലാൽസലാം... സഖാവ് കോയ. [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: