2019, സെപ്റ്റംബർ 4, ബുധനാഴ്‌ച

മണ്ണിലും മനസ്സിലും പാഠങ്ങൾ പകർന്നൊരു അപൂർവ്വാധ്യാപകൻ _

This was the story i gave; മണ്ണിലും മനസ്സിലും പാഠങ്ങൾ പകർന്നൊരു അപൂർവ്വാധ്യാപകൻ _____________________ എഴുപത്തിഒൻപതു വയസ്സായൊരു വൃദ്ധനെ നമ്മുടെ ഭാവന ധൃതിയിൽ കൊണ്ടുപോയി ഇരുത്തുക നീണ്ടൊരു ചാരുകസേരയിലായിരിക്കും. അതിൽ ചാരിയിരുന്ന് അദ്ദേഹം ഗൃഹാതുരവേദനയോടെ തന്റെ ഭൂതകാലത്തേക്ക്‌ ഓർമ്മകൾ പായിക്കുകയോ, അലസവായനയിൽ മുഴുകുകയോ, പേരക്കിടാങ്ങളെ കളിപ്പിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ടാവും. എന്നാൽ, കെ.വി.കരീം മാസ്റ്റർ എന്ന അപൂർവ്വമനുഷ്യൻ വാർദ്ധക്യത്തിന്റെ വാർപ്പുമാതൃകകളെ സ്വജീവിതംകൊണ്ട്‌ നിത്യേന മാറ്റിവരച്ചുകൊണ്ടിരിക്കുന്നു. പ്രായം വെറുമൊരു കണക്കുമാത്രമാണെന്ന ജ്ഞാനികളുടെ വാക്യത്തെ എല്ലാനിലയിലും അന്വർത്ഥമാക്കുന്നു കരീം മാസ്റ്ററുടെ സംഭവബഹുലമായ ജീവിതം. 1940ൽ മലപ്പുറം പടഞ്ഞാറ്റുമ്മുറിയിൽ ആയിശക്കുട്ടി- കുഞ്ഞായു ദമ്പതികളുടെ മകനായി ജനിച്ച കരീം മാസ്റ്റർ മലപ്പുറം ഗവ.ഹൈസ്കൂൾ, ഗവ.ബെയ്സിക്‌ ട്രെയിനിംഗ്‌ സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. ആ തലമുറയിലെ മറ്റു പലരെയും പോലെ ദിനേന പന്ത്രണ്ടു കിലോമീറ്ററോളം നടന്നാണു ഹൈസ്കൂൾവിദ്യാഭ്യാസം പൂർത്തീകരിച്ചത്‌. അധ്യാപകരാൽ സമൃദ്ധമായ കുടുംബാന്തരീക്ഷമാണു അദ്ദേഹത്തെയും അധ്യാപകവൃത്തിയിലേക്ക്‌ ആകർഷിച്ചത്‌. 1960ൽ വെള്ളില എം.എ.എം യു പി സ്കൂളിൽ അധ്യാപകനായി ചേർന്ന അദ്ദേഹം 36 വർഷത്തെ സേവനത്തിനു ശേഷം 1995ൽ വിരമിച്ചെങ്കിലും വിശ്രമമെന്ന പേരിൽ നിസ്സംഗവും നിഷ്ക്രിയവുമായൊരു ജീവിതം നയിക്കാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ടുതന്നെ പടിഞ്ഞാറ്റുമ്മുറിയിലെ പ്രശസ്തമായ മൗലാനാ അബ്ദുറഹ്മാൻ ഫസ്ഫരി ഓർഫനേജിനു കീഴിലുള്ള ഫസ്ഫരി ഹൈസ്കൂളിൽ തന്റെ സേവനജീവിതത്തിന്റെ രണ്ടാം ഘട്ടത്തിനു ആരംഭം കുറിച്ചു. അവിടെയും, മറ്റു യുവഅധ്യാപകർക്കുപോലും മാതൃകയാവും വിധം സ്ഥിരോത്സാഹത്തോടെ അധ്യാപനജോലി തുടരുകയാണദ്ദേഹം. രാവിലെ സ്കൂളിലെത്തിയാൽ വൈകിയിട്ട്‌ മടങ്ങുവോളം ഒരു നിമിഷം പോലും കരീം മാസ്റ്റർ വെറുതെയിരിക്കുന്നതു കാണാനാവില്ല. സദാസമയവും ക്ലാസ്സുകൾ ക്രിയാത്മകമാക്കാനുള്ള പരിശ്രമങ്ങളിലായിരിക്കും അദ്ദേഹം. കവിയും, കഥാകൃത്തും, ആർട്ടിസ്റ്റുമായ അദ്ദേഹം ആ മാധ്യമങ്ങളെയെല്ലാം ദിനേന തന്റെ അധ്യാപകവൃത്തിയിൽ ഭംഗിയായി പ്രയോജനപ്പെടുത്തുന്നു. ക്ലാസ്സിൽ വടിപ്രയോഗം പോലുള്ള ശിക്ഷകൾ നിയമം മൂലം നിരോധിച്ചത്‌ ഈയടുത്താണെങ്കിലും കരീം മാസ്റ്ററുടെ ക്ലാസിൽ വടിക്കു പണ്ടേ ഇടമില്ല. വടിക്കുപകരം വാത്സല്യമാണു അദ്ദേഹത്തിന്റെ 'ആയുധം'. ആറു ദശകമായി ക്ലാസ്‌മുറിയിലെന്ന പോലെ മണ്ണിലും വിദ്യാർത്ഥികൾക്ക്‌ അമൂല്യമായ പാഠങ്ങൾ പകരുന്നു എന്നതാണു കരീം മാസ്റ്ററെ വ്യത്യസ്തനാക്കുന്ന മറ്റൊരു വസ്തുത. ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലെത്തിയാലും, അവധി ദിവസങ്ങളുടെ വലിയൊരംശവും പച്ചക്കറികൃഷിയിൽ സജീവമാണദ്ദേഹം. വർഷങ്ങളായി ഫസ്ഫരി ഹൈസ്കൂളിനു കീഴിലെ സജീവമായ പച്ചക്കറി കൃഷിക്ക്‌ എല്ലാ അർത്ഥത്തിലും നേതൃത്വം നൽകുന്നതും അദ്ദേഹംതന്നെയാണു. ഡോക്റ്റേഴ്സിനെയും എഞ്ചിനിയേഴ്സിനെയും, വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥ രെയുമൊക്കെ സമൂഹത്തിനു സംഭാവനചെയ്യുന്നതിൽ ഭാഗഭാക്കാവാൻ അദ്ദേഹത്തിനു കഴിഞ്ഞെങ്കിലും മണ്ണിനോടും മനുഷ്യനോടും ഹൃദയബന്ധം പുലർത്തുന്നൊരു തലമുറയെ സൃഷ്ടിച്ചെടുക്കാനായി എന്നതാണദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. വയസ്സ്‌ എൺപതിനോടടുത്തിട്ടും, അധ്യാപനത്തിൽ ആറുദശകങ്ങൾ പിന്നിട്ടിട്ടും, ഇപ്പോഴും യൗവ്വനത്തിന്റെ സേവനസന്നദ്ധതയുമായി മണ്ണിലും മനസ്സിലും പാഠങ്ങൾ പകർന്ന് കരീം മാസ്റ്റർ യാത്ര തുടരുകയാണു. ജീവിതം എന്ന വാക്കിനെ അതിന്റെ സകല സൗന്ദര്യത്തോടെയും സാർത്ഥകമാക്കിക്കൊണ്ട്‌. -ബഷീർ മിസ്‌ അബ്‌ - [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: