2019, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

മെക്സിക്കൻ മാഫിയയുടെ രഹസ്യ കൊലയാളി; ദുരൂഹം, ആ ‘സർപ്പസുന്ദരി’യുടെ മരണം

മെക്സിക്കൻ മാഫിയയുടെ രഹസ്യ കൊലയാളി; ദുരൂഹം, ആ ‘സർപ്പസുന്ദരി’യുടെ മരണം ആണുങ്ങൾ അടക്കിവാണ മെക്സിക്കന്‍ ലഹരിമരുന്നു സാമ്രാജ്യത്തിന്റെ മഹാറാണി– ക്ലോഡിയ ഓച്ചോവ ഫെലിക്സിനെ പാശ്ചാത്യ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയായിരുന്നു. അതിനു കാരണങ്ങൾ ഒന്നല്ല, ഒട്ടേറെ. 2014 ജൂണിൽ ട്വീറ്റ് ചെയ്ത രണ്ടു ചിത്രങ്ങളിലൂടെയാണു ലഹരിമരുന്നു മാഫിയ ലോകത്തേക്കുള്ള ക്ലോഡിയയുടെ വരവ് ലോകം അറിയുന്നത്. പിങ്ക് നിറത്തിലും സ്വർണ നിറത്തിലുമുള്ള എകെ 47 തോക്കുകൾ പിടിച്ചുള്ള രണ്ടു ചിത്രങ്ങളായിരുന്നു അത്. പതിനായിരങ്ങളാണ് അതിനു പിന്നാലെ ട്വിറ്ററിൽ ക്ലോഡിയയെ പിന്തുടരാനെത്തിയത്. മെക്സിക്കോയിലെ സൂപ്പർ മോഡലായ അവർ അന്ന് അറിയപ്പെട്ടിരുന്നത് റിയാലിറ്റി ഷോ താരം കിം കർദഷിയാന്റെ പേരിലായിരുന്നു. കർദഷിയാനുമായുള്ള രൂപസാദൃശ്യമായിരുന്നു കാരണം. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിക്കുമ്പോൾ അവരുടെ കൃത്യമായ പ്രായം പോലും ആർക്കും അറിയില്ലായിരുന്നു. പക്ഷേ 32–35 വയസ്സിനിടെ അവർ നേടിയെടുത്ത കുപ്രസിദ്ധി മെക്സിക്കോയിൽ മറ്റൊരു വനിതയ്ക്കും ഇന്നേവരെയില്ലാത്തതാണ്. ലഹരിമാഫിയയുടെ പല പ്രവർത്തനങ്ങൾക്കു പിന്നിലും ക്ലോഡിയയാണെന്നു നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നൈറ്റ് ക്ലബുകളിൽ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെയെത്തുന്ന അവരെ അതുവരെ കൗതുകത്തിന്റെ കണ്ണുകളോടെയായിരുന്നു മെക്സിക്കോക്കാരും കണ്ടിരുന്നത്. എന്നാൽ മോഡൽ പദവിയിൽ നിന്ന് മെക്സിക്കൻ ലഹരിമരുന്നു മാഫിയയിലെ ഏറ്റവും കരുത്തുറ്റ വനിതയെന്ന നിലയിലേക്ക് ഏതാനും വർഷംകൊണ്ടായിരുന്നു അവരുടെ വളർച്ച. സിനലോവ കാർട്ടലെന്ന കൊടുംമാഫിയ സംഘത്തിന്റെ നെടുംതൂണായ വാക്വീൻ ഗുസ്മാൻ അറസ്റ്റിലായതും പിന്നാലെയെത്തിയ ഹോസെ റോഡ്രിഗോ ഏരെചികയെ യുഎസ് കുരുക്കിയതുമെല്ലാം ലഹരിക്കടത്തുകാർക്കു വൻ തിരിച്ചടിയാണു നൽകിയത്. എന്നാല്‍ ഗുസ്മാന്റെ അറസ്റ്റോടെ സിനലോവ കാർട്ടലിനു ചരമഗീതം എഴുതാമെന്ന മെക്സിക്കൻ ഭരണകൂടത്തിന്റെയും യുഎസിന്റെയും കണക്കുകൂട്ടലുകളെ അപ്പാടെ അട്ടിമറിക്കുന്നതായിരുന്നു ക്ലോഡിയയുടെ ഇടപെടൽ. പാവപ്പെട്ടവരെ സഹായിച്ചും തന്റെ കീഴിലുള്ള ലഹരികടത്തു ഗ്രാമങ്ങളിൽ സിനലോവ കാർട്ടൽ കമ്പനിയുടെ സിഎസ്ആർ പരിപാടികൾ മുഖേന വികസന പ്രവർത്തനങ്ങൾ നടത്തിയും പ്രദേശവാസികളുടെ പിന്തുണ നേടാൻ ഗുസ്മാനെ സഹായിച്ചിരുന്നവരിൽ പ്രമുഖയായിരുന്നു ക്ലോഡിയ. ജനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതിനാൽ പലപ്പോഴും പൊലീസിനു വെട്ടിച്ച് രക്ഷപ്പെടാൻ ഈ മാഫിയ സംഘങ്ങൾക്കു സാധിച്ചിരുന്നു. ഗുസ്മാന്റെ പെൺരൂപമായിരുന്നു ക്ലോഡിയയെന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. ആഡംബര ജീവിതത്തോട് അമിതഭ്രമമുള്ള ക്ലോഡിയ മെക്സിക്കോയിൽ മോഹവിലയുള്ള മോഡൽ ആയിരുന്നു. സമൂഹമാധ്യമങ്ങളിലെ ഫോട്ടോകളിലൂടെയും ഇവർ വിവാദങ്ങളിൽ ഇടംപിടിച്ചു. സ്വന്തം മകനെ കിടക്കയിൽ കെട്ടുകണക്കിന് ഡോളറുകൾക്കിടയിലിട്ടുള്ള ചിത്രമായിരുന്നു അതിലൊന്ന്. ബിഎംഡബ്ല്യു കാറിൽ എകെ 47 സൂക്ഷിച്ച ചിത്രവും വൈറലായി. ആഡബംര കാറുകൾക്കും സിംഹത്തിനും ചീറ്റപ്പുലിക്കുമെല്ലാം ഒപ്പം ക്ലോഡിയയെടുത്ത ചിത്രങ്ങളും അവർക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിച്ചു. Claudia Ochoa Felix ക്ലോഡിയ ഓച്ചോവ ഫെലിക്‌സ് നീന്തൽ വേഷത്തിലും ആഡംബര വസ്ത്രത്തിലുമെല്ലാമുള്ള ചൂടൻ ചിത്രങ്ങൾ വഴി മെക്സിക്കൻ യുവാക്കളുടെയും ഹരമായിരുന്നു ക്ലോഡിയ. ബിക്കിനി ധരിച്ച, അഴകളവുകളുള്ള കൊലയാളി, സർപ്പസുന്ദരി എന്നിങ്ങനെയായിരുന്നു രാജ്യാന്തരമാധ്യമങ്ങൾ ക്ലോഡിയയെ വിശേഷിപ്പിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമിലെയും താരങ്ങളിലൊരായിരുന്നു ക്ലോഡിയ. സിനലോവ കാർട്ടലിന്റെ ബി ടീമായ ലോസ് ആന്ത്രാക്സിന്റെ തലവൻ ഹോസെ റോഡ്രിഗോ ഏരെചികയുടെ കാമുകിയായിരുന്നു ക്ലോഡിയയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ‘ആന്ത്രാക്സിന്റെ മഹാറാണി’യെന്നായിരുന്നു അവരുടെ വിശേഷണം തന്നെ. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സിനലോവ കാർട്ടൽ ചെയ്യുമ്പോള്‍ ആവശ്യമെങ്കിൽ കൊലപാതകങ്ങളിലൂടെ അവർക്കുള്ള വഴിയൊരുക്കിയിരുന്നത് ആന്ത്രാക്സ് സംഘമായിരുന്നു. സിനലോവയുടെ കൊലയാളി സംഘമെന്നു തന്നെ വിശേഷിപ്പിക്കാം ആന്ത്രാക്സിനെ. ലഹരിക്കടത്തു സംഘത്തിന്റെ പ്രവർത്തനത്തിനു തടസ്സം നിൽക്കുന്നവരെ കണ്ടെത്തി കൊലപ്പെടുത്തുന്ന ആന്ത്രാക്സിന്റെ ‘സംഘടിത’ നീക്കങ്ങളുടെ തലപ്പത്തു പ്രവർത്തിച്ചത് ക്ലോഡിയയാണ്. 2014 മേയിൽ ഇവരെ കൊലപ്പെടുത്താനും ശ്രമമുണ്ടായി. എന്നാൽ ആളുമാറി വെടിയേറ്റു മരിച്ചത് മറ്റൊരു വനിതയായിരുന്നു. സിനലോവ കാർട്ടലിന്റെ പേരിൽ മെക്സിക്കോയിൽ അരങ്ങേറിയിരുന്ന പല കൊലപാതകങ്ങളുടെയും ആസൂത്രണത്തിനു പിന്നിൽ ക്ലോഡിയ ആയിരുന്നെങ്കിലും അവരെ കുരുക്കാൻ മാത്രം െപാലീസിനു കഴിഞ്ഞിരുന്നില്ല. വാക്വീൻ ഗുസ്മാൻ എന്ന അധോലോക രാജാവ് കൊടുംക്രൂരതകൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന സുന്ദരമായ മുഖമായിരുന്നു ക്ലോഡിയ എന്നതു പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ െപാതുമധ്യത്തിൽ ഗുസ്മാനുമായുള്ള ബന്ധം ക്ലോഡിയ നിഷേധിച്ചിരുന്നു. ഗുസ്മാന്റെ നിർദേശങ്ങൾ കേട്ടു തുള്ളിയിരുന്നു ഒരു കളിപ്പാവയെന്നായിരുന്നു എൽ കീനോയെന്നു വിളിപ്പേരുള്ള ഹോസെയ്ക്കു മാധ്യമങ്ങൾ നൽകിയിരുന്ന വിശേഷണം. Joaquín Guzmán വാക്വീൻ ഗുസ്മാൻ ഗുസ്മാന്റെ അഭാവത്തിൽ സിനലോവ കാർട്ടലിനെയും ആന്ത്രാക്സിനെയും സജീവമായി നിലനിർത്താൻ ഹോസെയെ സഹായിച്ചത് ക്ലോഡിയ ആയിരുന്നു. അതിനിടെ സിനലോവ കാർട്ടലിലെ പ്രമുഖനായിരുന്ന എൽ ചാവോ ഫെലിക്സിനെ വിവാഹം കഴിച്ചപ്പോഴും ഹോസെയുമായുള്ള ബന്ധം ക്ലോഡിയ തുടർന്നു. ഫെലിക്സുമായുള്ള വിവാഹബന്ധത്തിൽ മൂന്നുകുട്ടികളും ക്ലോഡിയയ്ക്കുണ്ട്. 2013ൽ ഹോസെ െപാലീസ് പിടിയിലായതിനു ശേഷവും സിനലോവ സംഘം ലഹരിക്കടത്തലിൽ സജീവമായിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ ഹോളണ്ടിലെ വിമാനത്താവളത്തിൽ നിന്നാണ് ഹോസെയെ പിടികൂടുന്നത്. 2014 മുതൽ ഹോസെയും യുഎസിൽ തടവിലാണ്. സെപ്റ്റംബർ 14ന് ഒരു ഫ്ലാറ്റിൽ ശ്വാസംമുട്ടിയാണ് ക്ലോഡിയ മരിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. രക്തത്തിൽ അമിത അളവിൽ ‍മദ്യത്തിന്റെ അംശവുമുണ്ടായിരുന്നു. വിഷവാതകമോ മറ്റെന്തെങ്കിലും ശ്വാസതടസ്സമുണ്ടാക്കുന്ന പദാർഥമോ ബലമായി ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. തലേന്ന് നൈറ്റ് പാർട്ടിയിൽ ഒരാൾക്കൊപ്പം ക്ലോഡിയ പങ്കെടുത്തതിനു തെളിവുകൾ ഉണ്ട്. നൈറ്റ് പാർട്ടിക്കു ശേഷം അപാർട്ട്മെന്റിൽ തിരിച്ചെത്തിയ ക്ലോഡിയയെ പിറ്റേന്നു രാവിലെ വിളിച്ചപ്പോൾ എണീക്കാതായതോടെയാണ് പൊലീസിനെ അറിയിച്ചത്. ഇവർക്ക് എന്തു സംഭവിച്ചുവെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിനും വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും വരാനിരിക്കുകയാണ്. തുടരുന്ന മെക്സിക്കൻ ദുരൂഹത മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ ഹലീസ്കോയിലെ പ്രമുഖ നഗരമായ ഗ്വാഡലഹാരയിലെ കിണറ്റിൽ നിന്നു 44 മൃതദേഹങ്ങൾ കണ്ടെടുത്തതിനു തൊട്ടുപിന്നാലെയാണ് ക്ലോഡിയയുടെ ദുരൂഹമരണവും ചർച്ചയാകുന്നത്. മെക്സിക്കോയിൽ നൂറുകണക്കിനു ആളുകളാണ് മാഫിയ ചേരിപ്പോരിന്റെ പോരിൽ ദിവസവും കൊല്ലപ്പെടുന്നത്. ഈ െകാലപാതകങ്ങളുടെ കൂട്ടത്തിൽ ക്ലോഡിയയുടെ മരണത്തെ ചേർത്ത് വയ്ക്കുന്നവരുമുണ്ട്. മൂന്നാംക്ലാസ്സിൽ പഠനം നിർത്തി അച്ഛനൊപ്പം പൊതിക്കഞ്ചാവു വിറ്റു നടന്ന വാക്വീൻ ഗുസ്മാൻ എന്ന ബാലൻ മെക്സിക്കോയിലെ ലഹരിക്കടത്തു സംഘത്തിന്റെ തലവനായപ്പോൾ നിഴലുപോലെ കൂടെ ക്ലോഡിയയും ഉണ്ടായിരുന്നു. ഗുസ്മാന്റെ സാമ്രാജ്യം യുഎസിലേക്കു വ്യാപിക്കാതിരിക്കാൻ അതിർത്തിയിൽ മതിൽ പണിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം മതി സിനലാവോ കാർട്ടൽ എന്ന കുപ്രസിദ്ധ മാഫിയ സംഘവും ‘കുള്ളൻ’ എന്ന പേരിൽ ലോകം പരിഹസിച്ച വാക്വീൻ ഗുസ്മാനും ആരായിരുന്നു എന്ന് മനസ്സിലാക്കാൻ. Claudia Ochoa Felix ക്ലോഡിയ ഓച്ചോവ ഫെലിക്‌സ് 2009ല്‍ ഫോബ്‌സ് മാസിക തയാറാക്കിയ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ എല്‍ ചാപ്പോ ഗുസ്മാൻ യുഎസിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കെയിനും മരിജുവാനയും കയറ്റിപ്പോകുന്ന മെക്സിക്കൻ നഗരമായ ലോസ് മോചിസാണു തട്ടകമാക്കിയത്. 25 വർഷമായി ലഹരിമരുന്ന് കടത്തുകയും എതിരാളികളെ കൊന്നുതള്ളുകയും പതിവാക്കിയിരുന്ന മാഫിയ രാജാവ് രണ്ടു തവണ തടവുചാടിയിരുന്നു. ജയിൽപ്പുള്ളികളുടെ അലക്കുതുണിക്കെട്ടിനുള്ളിൽ പതുങ്ങിയിരുന്നാണ് നാലരയടി മാത്രം ഉയരമുള്ള എൽ ചാപ്പോ ഒരിക്കൽ രക്ഷപ്പെട്ടത്. ഒന്നര കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെയും ഒരിക്കൽ രക്ഷപ്പെട്ടു. തുരങ്കത്തിലെ പാളങ്ങളിലൂടെ ഓടുന്ന പ്രത്യേക മോട്ടർ സൈക്കിളും അനുയായികൾ തയാറാക്കി വച്ചിരുന്നു. ഗുസ്മാനെ ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജയിലിൽ സന്ദർശിച്ച് അധോലോക ബന്ധങ്ങൾ ശക്തമാക്കാൻ സഹായിച്ചിരുന്നവരിൽ ഒരാൾ ക്ലോഡിയ ആയിരുന്നു. തന്റെ ജീവിത കഥ സിനിമയാക്കാനുൾപ്പെടെ ഒളിവിൽ ശ്രമം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. ബറാക് ഒബാമയ്ക്കുള്ള വിടപറയൽ സമ്മാനമായും മെക്സിക്കോ വിരുദ്ധനായ ട്രംപുമായി സമാധാനത്തിൽ പുലരാനുള്ള നീക്കമായും മുൻ മെക്സിക്കൻ പ്രസിഡന്റ് എൻറീക് പേനിയ നിയത്തോ യുഎസിനു വച്ചുനീട്ടിയത് ഗുസ്മാനെയായിരുന്നു. എത്ര സുരക്ഷാസന്നാഹമുള്ള ജയിലിൽ പിടിച്ചിട്ടാലും പുല്ലുപോലെ ചാടിപ്പോരുന്ന കുറ്റവാളിയെ തളയ്ക്കാൻ യുഎസിനു മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവും ആ നാടുകടത്തലിനു പിന്നിലുണ്ടെന്നും രാജ്യാന്തരമാധ്യമങ്ങൾ വിധിയെഴുതി. ജീവപര്യന്തംതടവിനു ശിക്ഷിക്കപ്പെട്ട ഗുസ്മാൻ യുഎസിൽ തടവിലാണിപ്പോൾ. ജീവപര്യന്തത്തിനൊപ്പം 30 വർഷവും തടവും യുഎസ് കോടതി ഗുസ്മാനു വിധിച്ചിരുന്നു. [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: