2021, ജൂൺ 23, ബുധനാഴ്‌ച


, പ്രശാന്ത് നായർ ഐഎഎസ് 
 ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കളക്ടർ ബ്രോ ഇനി ഞാൻ തള്ളട്ടെ എന്ന പുസ്തകത്തിൽ നിന്ന് )

...........സബ് ജഡ്ജ് ശ്രീ.ആർ.എൽ.ബൈജുവിനൊപ്പം കുതിരവട്ടത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കുമ്പോൾ നിയമപരമായി ഒരു കടമ നിർവഹിക്കുന്നുവെന്നതിനപ്പുറം മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. എന്നാൽ ആ ദിവസം, പിന്നീട് വരാനിരിക്കുന്ന എന്റെ എല്ലാ ദിവസങ്ങളെയും മാറ്റിമറിച്ചു.
 മാനസികാരോഗ്യ കേന്ദ്രത്തിലെ ജനറൽ വാർഡുകൾ കുട്ടിക്കാലത്ത് ഞങ്ങൾ തിരുവനന്തപുരം മൃഗശാലയിൽ കണ്ട ഇരുമ്പു കൂടുകളെ ഓർമ്മിപ്പിച്ചു.പുരുഷന്മാരുടെ വാർഡിൽ ഒരിടുങ്ങിയ മുറിയിൽ 30-40 രോഗികൾ തിങ്ങിക്കൂടി കഴിയുന്നത് കണ്ടു.ഓരോരുത്തരും അവനവന്റെ കുഞ്ഞു വലിയ ലോകത്തായിരുന്നെന്ന് മാത്രം.ഒരു അന്തേവാസി യോട് ഇരുമ്പഴികൾക്കുള്ളിലൂടെ ഞാൻ സംസാരിച്ചു.രണ്ടുദിവസം മുമ്പ് ദുബായിൽ നിന്ന് തിരിച്ചെത്തിയ ഒരു പ്രവാസി വ്യവസായിയാണ് താനെന്ന് അയാൾ സ്വയം പരിചയപ്പെടുത്തി. വിമാനത്താവളത്തിൽ എത്തിയ ഉടനെ അദ്ദേഹത്തിന് ചില മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ബന്ധുക്കൾ അദ്ദേഹത്തെ നേരെ കുതിരവട്ടം ആശുപത്രിയിലേക്ക് കൊണ്ടു വരികയും ചെയ്തു.എല്ലാം എത്ര പെട്ടെന്നാണ്! നമ്മുടെ മാനസികനില എത്രവേഗം മാറി മറിയാമെന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തി. നമ്മൾ ഒരു പുതിയ താമസസ്ഥലത്തേക്ക് മാറുമ്പോൾ ചുറ്റുവട്ടത്ത് നല്ല സ്കൂളുകളും ആശുപത്രികളും ഉണ്ടോ എന്ന് അന്വേഷിക്കാറുണ്ടല്ലോ.എന്നാൽ അവിടെ കൊള്ളാവുന്ന ഒരു മാനസിക ആരോഗ്യ കേന്ദ്രം ഉണ്ടോ എന്ന് നമ്മളാരും തിരക്കാറില്ല. എന്തുവന്നാലും നമ്മുടെ മനോനില സുസ്ഥിരമായി തുടരുമെന്ന് നമ്മൾ അങ്ങ് വെറുതെ വിശ്വസിക്കുകയാണ്.എന്നാൽ ആ അന്തേവാസിയുടെ കഥ എന്നെ ഞെട്ടിച്ചുകളഞ്ഞു. മനുഷ്യന്റെ മാനസികാരോഗ്യം ശരിക്കും ഞാണിന്മേൽ കളിയാണ്.ആശുപത്രി സൂപ്രണ്ടിനോട് ഞാനാ രോഗിയുടെ കാര്യം വിശദമായി ചോദിച്ചു.അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു,'അയാൾ പറഞ്ഞതെല്ലാം ശരിയാണ്.പക്ഷേ ചെറിയൊരു തിരുത്തുണ്ട്.അയാൾ നാട്ടിലേക്ക് തിരിച്ചു വന്നതും ഇവിടെ അഡ്മിറ്റ് ആയതും 15 കൊല്ലം മുമ്പാണെന്നു മാത്രം'.
  രോഗം ഭേദമായിട്ടും മടങ്ങിപ്പോകാനൊരിടമില്ലാത്ത ധാരാളം പേരുണ്ടായിരുന്നു അവിടെ. പലരെയും വീട്ടുകാർ ഉപേക്ഷിച്ചിരുന്നു. അക്രമാസക്തരായ രോഗികളെ പാർപ്പിച്ചിരുന്ന ഒറ്റപ്പെട്ട മുറികളിലേക്കാണ് ഞാൻ പിന്നീട് പോയത്.സദാസമയം പൂട്ടിയിടുന്ന അഴികളുള്ള സോളിട്ടറി സെല്ലുകൾ.അവിടെ കണ്ട കാഴ്ച ഞാനൊരിക്കലും മറക്കില്ല.സ്വന്തം മലവും ഭക്ഷണാവശിഷ്ടങ്ങളും പുരണ്ട നഗ്നശരീരവുമായി ഓരോ രോഗിയും അവനവന്റെ ചെറിയ മുറിക്കുള്ളിൽ കിടക്കുന്നു.ചിലരെല്ലാം സെഡേഷനിലാണ്.സെല്ലിന്റെ ഒരു മൂലയ്ക്ക് കിടക്കാനുള്ള സൗകര്യമുണ്ട്.അകത്തോട്ട് സ്റ്റീലിൽ തീർത്ത കക്കൂസ്.സിറാമിക് ക്ലോസെറ്റുകൾ അവർ തല്ലിപ്പൊട്ടിക്കുകയും മൂർച്ചയുള്ള കഷണങ്ങൾ എടുത്ത് സ്വയം പരിക്കേൽപ്പിക്കുകയും ചെയ്യുമത്രേ.ഉടുതുണി കീറിക്കളയാനും ആത്മഹത്യയ്ക്ക് ഉപയോഗിക്കാനും പ്രവണതയുള്ളവരാണിവരിൽ പലരും.ഒരു മുറിയിലെ മങ്ങിയ വെട്ടത്ത് കണ്ടത്,ഷീസോഫ്രീനിയയുടെ അങ്ങേയറ്റമെത്തിയ ഒരു രോഗിയെ.മറ്റൊരു അന്തേവാസിയെ കൊലപ്പെടുത്തിയ ചരിത്രമുള്ളയാൾ.ഒടുവിലത്തെ മുറിയിലെ കാഴ്ച കണ്ട് എന്റെ കാൽമുട്ടുകളുടെ ബലം ചോർന്നുപോയി. മുറിക്കുള്ളിൽ നട്ടെല്ലും തോളെല്ലുകളുമുന്തിയ പ്രായം ചെന്ന ഒരു മനുഷ്യൻ. ശ്രദ്ധയോടെയും ക്ഷമയോടെയും അയാൾ അകത്തെ മൂലയ്ക്കുള്ള സ്റ്റീൽ കക്കൂസിൽ കൈയ്യിട്ട് സ്വന്തം മലം തോണ്ടിയെടുത്ത് ഭക്ഷിക്കുന്നു.താടിരോമങ്ങളിൽ മലവും തുപ്പലുമൊലിച്ചിറങ്ങുന്നുണ്ടായിരുന്നു.തന്റെ നഗ്ന ദേഹം ഞങ്ങൾക്ക് നേരെ തിരിച്ചു കൊണ്ട് അയാൾ സായിപ്പിന്റെ ഇംഗ്ലീഷിൽ എന്തോ പറഞ്ഞു.എന്റെ കണ്ണുകൾ നീറി.എന്റെ വയർ ആരോ ചുരുട്ടിക്കൂട്ടിയതുപോലെ.സഹനശേഷിയുടെ എല്ലാ അതിർ വരമ്പും കടന്നു കഴിഞ്ഞിരുന്നു.സെല്ലുകളുടെ ഭാഗത്തുനിന്നും ഞാൻ വേഗം പുറത്തേക്കോടി.
  നോർമലായെന്ന് സ്വയം വിശ്വസിപ്പിച്ച് ആശുപത്രി സൂപ്രണ്ടിനോട് അവിടെ അടിയന്തരമായി വേണ്ട സൗകര്യങ്ങൾ എന്തെല്ലാമാണെന്ന് ഞാൻ ചോദിച്ചു. അടിയന്തരമായി രണ്ടരക്കോടിയോളം രൂപ വെള്ളത്തിന്റെയും കറണ്ടിന്റെയും കുടിശ്ശിക ബില്ലടയ്ക്കാനുണ്ട്. ദൈനംദിന ചെലവുകൾ കൂടിക്കൂടി വരുമ്പോഴും ബജറ്റിലെ നീക്കിയിരിപ്പ് തുക എല്ലാ വർഷവും കുറഞ്ഞുവരികയാണ്. തിരുവനന്തപുരത്തിരുന്ന് ബജറ്റ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥർക്കെന്ത് കുതിരവട്ടവും സംക്രാന്തിയും!....................................................................... മാനസികരോഗ ആശുപത്രിയോ അവിടുത്തെ അന്തേവാസികളോ അധികാരികളുടെ മുൻഗണനാ പട്ടികയിലില്ലായിരുന്നു.അവർക്ക് വേണ്ടി ശബ്ദമുയർത്താൻ നേതാക്കളോ യൂണിയനുകളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല.ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർക്ക് വോട്ടവകാശമില്ല എന്നതാണ്. ജനാധിപത്യ സംവിധാനം ഭ്രഷ്ട് കൽപ്പിച്ച മനുഷ്യരാണവർ................................................................... ഏതൊരു മാനസികാരോഗ്യ കേന്ദ്രത്തിലെയും അടിസ്ഥാന ഉപകരണങ്ങളിലൊന്നാണ് ഇലക്ട്രോ കോൺവൾസീവ് തെറാപ്പി മെഷീൻ.സിനിമയിൽ കണ്ടു കാണും,ഷോക്കടിപ്പിക്കുന്ന യന്ത്രം. 15 വർഷമായി ആ ആശുപത്രിയിൽ അങ്ങനെയൊന്ന് ഇല്ലായിരുന്നുവെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും.ഏതായാലും സ്പോൺസർഷിപ് വഴി ഞങ്ങൾ ഒരു യന്ത്രം ഒപ്പിച്ചു. 2015 ജൂലൈയിൽ മെഷീൻ ലഭിച്ചശേഷം ആശുപത്രി സൂപ്രണ്ട് ഏതാണ്ട് 30 മാസത്തോളം ഓഫീസുകൾ പലതു കയറിയിറങ്ങിയ ശേഷമാണ് അത് സുരക്ഷിതമായി പ്രവർത്തിക്കാനാവശ്യമായ ഒരു അനസ്തേറ്റിസ്റ്റിന്റെ സേവനം ലഭ്യമായത്. ഉദ്യോഗസ്ഥപ്രഭുത്വമെന്ന ഭീകരസത്വം നമ്മളെ ഭയപ്പെടുത്തും.കോഴിക്കോട്ടുനിന്ന് ഞാൻ സ്ഥലം മാറിപ്പോയി പിന്നെയും മാസങ്ങൾക്കുശേഷം 2017 നവംബർ 28നാണ് ഈ യന്ത്രം പ്രവർത്തനക്ഷമമായത്.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സരിത ഇത് ശരിയാക്കാൻ വലിയ പങ്കാണ് വഹിച്ചത്.ഇന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറാണ് അവർ.
  ഒന്ന് ചിന്തിച്ചാൽ സമയം ഒരു അത്ഭുത പ്രതിഭാസമാണ്. മനസ്സിന്റെ സമനിലതെറ്റിയ ഒരാൾ താൻ ആശുപത്രിയിൽ എത്തിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ എന്ന് വിചാരിച്ചു വർഷങ്ങൾ കഴിച്ചുകൂട്ടുന്നു.മറുവശത്ത് ഒരു ഡോക്ടർ രോഗികളെ ചികിത്സിക്കാനുള്ള യന്ത്രം പ്രവർത്തിക്കാനുള്ള ആളെ കണ്ടെത്താനായി ജീവിതത്തിന്റെ രണ്ടു വർഷത്തിലധികം ചെലവഴിക്കുന്നു.നമ്മളോ,സിനിമാ തീയേറ്ററിലെ ക്യൂവിൽ രണ്ടുമിനിറ്റ് വൈകിയാൽ ചുറ്റുമുള്ളതെന്തിനെയും പ്രാകുന്നു.എല്ലാം ഓരോരുത്തരുടെ സമയം.
  ആശുപത്രിയിലേക്കുള്ള ആദ്യ സന്ദർശനങ്ങളിലൊന്നിലാണ് അവിടുത്തെ ഭക്ഷണക്രമം 1979-ൽ നിശ്ചയിച്ചതാണെന്ന് അറിഞ്ഞത്.അതിനോടകം,അവിടുത്തെ കാര്യങ്ങൾ കേട്ട് ഞെട്ടുന്നത് ഞാൻ നിർത്തിയിരുന്നു.ഗോതമ്പ് കഞ്ഞിയായിരുന്നു മെനുവിലെ പ്രധാന ഇനം.ഗോതമ്പ് കഞ്ഞി മാത്രം കൊടുത്തു വർഷങ്ങളോളം പൂട്ടിയിട്ടാൽ,പൂർണ്ണ മാനസികാരോഗ്യമുള്ള ഒരാൾക്ക് പോലും സമനില തെറ്റാം.1979 മുതൽ ആ ആഹാരരീതി പരിഷ്കരിക്കണമെന്ന് ഒരാൾക്ക് പോലും തോന്നിയില്ല എന്നതായിരുന്നു ആശ്ചര്യപ്പെടുത്തിയ കാര്യം.കേരളത്തിന് തീരെ അപരിചിതമായ ഗോതമ്പു കഞ്ഞി എന്തുകൊണ്ടും മെനുവിൽ ഉൾപ്പെടുത്തിയെന്നതുതന്നെ അജ്ഞാതമാണ്. ഒരുപക്ഷേ അക്കാലത്ത് അരിക്ക് ക്ഷാമമുണ്ടായിരുന്നിരിക്കാം.എന്താണെന്ന് എനിക്ക് ശരിക്കുമറിയില്ല.പക്ഷേ,ഒന്നുറപ്പാണ്.ഈ വലിയ ജനാധിപത്യ ലോകത്ത് എന്തോ ഒന്നിന് കടുത്ത ക്ഷാമമുണ്ടായിരുന്നു. തീർച്ച.]

അഭിപ്രായങ്ങളൊന്നുമില്ല: