✍🏼ഫാഷിസം നാട്ടുനടപ്പായ കാലത്ത്, ഹിന്ദുത്വ ഹിംസയെ ജുഡീഷ്യൽ സ്ഥാപനങ്ങൾ പോലും ശരിവെക്കുന്ന കാലത്ത് മുസ്‌ലിംകൾ എന്തുചെയ്യണം..?
ചില ആശയങ്ങൾ പങ്കുവെക്കാം.
*📍01)* ഹിന്ദുവും ഹിന്ദുത്വയും ഒന്നല്ല. അങ്ങനെ ആണെന്ന് വരുത്താൻ സംഘപരിവാർ കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഹിന്ദുത്വയ്ക്ക് പുറത്തുനിൽക്കുന്നവരാണ് ഭൂരിപക്ഷം ഹിന്ദു വിശ്വാസികൾ. അവരോട് സംസാരിക്കാൻ മുസ്‌ലിം സമുദായം സന്നദ്ധമാകണം. അത് സാമൂഹികമായി തന്നെ സംഭവിക്കണം. ആർ എസ് എസ് മുസ്‌ലിംകളെ അപരവത്കരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനു വേണ്ടി ഹിന്ദുവികാരത്തെ ഇളക്കിവിടുന്നുണ്ട്. എന്നിട്ടും ബിജെപിക്ക് കഴിഞ്ഞ (2019) പൊതുതിരഞ്ഞെടുപ്പിൽ നേടാനായത് 37% വോട്ടുവിഹിതമാണ്. അഥവാ 63% വോട്ടർമാർ ബിജെപിക്ക് എതിരെയാണ് പോൾ ചെയ്തത്. ഇന്ത്യയിലെ ഹിന്ദു സമുദായത്തിൽ വലിയ വിഭാഗം വർഗീയതയോട് വിസമ്മതം പ്രകടിപ്പിച്ചവരാണ് എന്ന് കൂടി അതിനൊരർത്ഥമുണ്ട്. അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാൻ മുസ്‌ലിം സമുദായത്തിന് കഴിയേണ്ടതാണ്.
*📍02)* ഇസ്‌ലാം എന്താണ് എന്ന്, മുസ്‌ലിം ജീവിതം എന്താണ് എന്ന് അടുത്തറിയാൻ അവസരമില്ലാത്തതിന്റെ പേരിൽ മുസ്‌ലിം വിരുദ്ധ മുൻവിധികളിൽ പെട്ടുപോയ അനേകം മനുഷ്യരുണ്ട്. അവരിലേക്ക് വ്യക്തിസൗഹൃദം വ്യാപിപ്പിക്കുന്നതിന് ശ്രമങ്ങളുണ്ടാകണം. മതത്തിന്റെ തുറവിയെ മറ്റുള്ളവർക്ക് അനുഭവിക്കാനുള്ള വാതിലുകൾ തുറന്നുതന്നെ കിടക്കട്ടെ. സമുദായത്തിന് പുറത്തുനിൽക്കുന്നൊരാൾക്ക് മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ വൈയക്തികമായി നമ്മളെന്തു ചെയ്തുവെന്ന് സമുദായഗാത്രത്തിലെ ഓരോ അംഗവും ചിന്തിക്കട്ടെ.
*📍03)* ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ സമുദായമാണ് മുസ്‌ലിംകൾ. വേറെയും ന്യൂനപക്ഷ സമുദായങ്ങൾ ഇന്ത്യയിലുണ്ട്. പ്രധാന ന്യൂനപക്ഷമെന്ന നിലക്ക് മറ്റു ന്യൂനപക്ഷസമുദായങ്ങളെ കൂടി ചേർത്തുപിടിച്ച് ഏകോപനം സാധ്യമാക്കാൻ മുസ്‌ലിം നേതൃത്വത്തിന് സാധിക്കേണ്ടതുണ്ട്. മഹല്ല് കമ്മിറ്റികൾക്ക് പോലും ഇക്കാര്യത്തിൽ ചിലത് ചെയ്യാനുണ്ട്.
*📍04)* സി എ എ കാലത്തേത് പോലുള്ള ഒരു പ്രക്ഷോഭം എന്തുകൊണ്ട് ഗ്യാൻവാപിയിൽ ഉണ്ടാകുന്നില്ല? ഉത്തരം ലളിതമാണ്. പൊതുബോധത്തെ നിർണയിക്കുന്ന ഘടകങ്ങൾ ഏറെക്കുറെയും സംഘിവത്കരിക്കപ്പെട്ടിരിക്കുന്നു. 2019ൽ നിന്ന് 2024 ലെത്തുമ്പോൾ മാധ്യമങ്ങൾ പൂർണമായും ഹിന്ദുത്വ താല്പര്യങ്ങൾക്ക് കീഴ്പ്പെട്ടു കഴിഞ്ഞു. ബദൽ മാധ്യമങ്ങളെ ശക്തിപ്പെടുത്തി പൊതുബോധ നിർമിതിയിൽ സജീവമായി ഇടപെടുകയാണ് മുുസ്‌ലിംകൾ സമൂഹം എന്ന നിലക്കും സംഘടന എന്ന നിലക്കും ചെയ്യേണ്ടത്. മുസ്‌ലിം സാംസ്‌കാരിക ജീവിതത്തിന് പുതിയ അർത്ഥങ്ങളും ആവിഷ്കാരങ്ങളും കണ്ടെത്തേണ്ടതുണ്ട് എന്നുതന്നെ.
*📍05)* ഇന്ത്യയുടെ നീതിബോധം കോടതികളെ ആശ്രയിച്ചു മാത്രമല്ല നിലനിൽക്കുന്നത്. അത് തിരിച്ചറിയാത്തതിനാലാണ് കോടതികളിൽ നിന്ന് ഹിതകരമല്ലാത്ത വിധികളുണ്ടാകുമ്പോൾ ചിലർ കടുത്ത നിരാശയിലേക്ക് വീണുപോകുന്നത്. കോടതികൾക്ക് പുറത്ത് പടരുകയും വളരുകയും ചെയ്യുന്ന നീതിബോധമുണ്ട്. ബാബരി പള്ളിയുണ്ടായിരുന്ന ഭൂമി രാമക്ഷേത്രത്തിനു വിട്ടുകൊടുത്തപ്പോൾ, ആ ഭൂമിയിൽ പ്രാണപ്രതിഷ്ഠ നടത്തിയപ്പോൾ അവിടെ ഒരു പള്ളിയുണ്ടായിരുന്നു എന്ന് വിളിച്ചുപറയാൻ ആവേശപൂർവ്വം മുന്നോട്ടുവന്ന മതനിരപേക്ഷ വാദികളുണ്ട്. അവർ എണ്ണത്തിൽ തീരെ കുറവല്ല. ഗ്യാൻവാപിയിലും അവർ നീതിയുടെ കൂടെയുണ്ട്. അവരെ അഭിവാദ്യം ചെയ്യാൻ മുസ്‌ലിംകൾക്ക് ബാധ്യതയുണ്ട്.
*📍06)* തെരുവിലെ സമരങ്ങൾ മാത്രമല്ല ജനാധിപത്യപ്രവർത്തനം. മുഴുവൻ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങളുമായും സംഭാഷണങ്ങൾക്ക് സന്നദ്ധമാവുക കൂടിയാണ്. ജനാധിപത്യ സംവാദങ്ങളുടെ ഇടം വികസിപ്പിക്കാൻ മന:പ്പൂർവമായ ശ്രമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ജനാധിപത്യപാർട്ടികളോട് പലതരത്തിൽ വിയോജിപ്പുകൾ പങ്കിടുന്നവർ പോലും യോജിപ്പിന്റെ മേഖലകൾ കണ്ടെത്തേണ്ട കാലമാണിത്. ഞങ്ങളും നിങ്ങളും എന്നതിൽ നിന്ന് നമ്മൾ ജനാധിപത്യവാദികൾ എന്ന നിലയിൽ പാരസ്പര്യം ശക്തിപ്പെടണം.
*📍07)* നിരാശതയല്ല, നിലപാടുകളാണ് സമുദായത്തെ വഴി നടത്തേണ്ടത്. മുസ്‌ലിം ന്യൂനപക്ഷം ഹിന്ദുത്വ വർഗീയതയുടെ വരമ്പുകളിൽ തടഞ്ഞു വീഴുമ്പോൾ കൈപിടിക്കാൻ ഒരു മതനിരപേക്ഷ സമൂഹം ഇപ്പോഴും ഇവിടെയുണ്ട്. 'സിസ്റ്റം' സംഘിവത്കരിക്കപ്പെടുമ്പോഴും ജനാധിപത്യത്തെ പ്രാണവായുവായി കാണുന്ന ആ മനുഷ്യരെ ചേർത്തുപിടിച്ചുകൊണ്ട് അസ്തിത്വ സംരക്ഷണത്തിനായുള്ള മുന്നേറ്റം സാധ്യമാക്കാനുള്ള വഴികൾ ആലോചിക്കേണ്ടിയിരിക്കുന്നു. ഹിന്ദുത്വ അതിക്രമങ്ങൾക്കെതിരെ ഇടർച്ചയില്ലാത്ത നിലപാടുകളുയർത്തിപ്പിടിച്ച് തുടർച്ച നഷ്ടപ്പെടാത്ത ആശയപ്രചരണം സാധ്യമാകണം. ഫാഷിസം വിശ്രമിക്കുമ്പോഴും ജനാധിപത്യം പ്രവർത്തിച്ചുകൊണ്ടിരിക്കണം.
*📍08)* ഇന്ത്യ എന്ന ആശയത്തെ കെടുത്തിക്കളയുക അത്ര എളുപ്പമല്ല. അത് സംഘപരിവാറിനും അറിയാം. അതുകൊണ്ട് ആർ എസ് എസ് ഇപ്പോൾ ശ്രദ്ധയൂന്നുന്നത് മനുഷ്യസൗഹൃദത്തിൽ വിള്ളൽ വീഴ്ത്താനാണ്. അത് സാധ്യമായാൽ ഇന്ത്യ എന്ന ആശയത്തെ എളുപ്പം മുറിപ്പെടുത്താനാകും. അതിനെ പ്രതിരോധിക്കാൻ പദ്ധതികളുണ്ടാകണം. ആർ എസ് എസ് മുസ്‌ലിംകൾക്കെതിരെ മാത്രമാണ് നിലകൊള്ളുന്നത് എന്ന മിഥ്യാധാരണ ഇന്ത്യയുടെ പൗരബോധത്തെ ഗ്രസിച്ചിട്ടുണ്ട്. അത് തിരുത്താൻ മുൻകയ്യെടുക്കേണ്ടത് മുസ്‌ലിംകളാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
*📍09)* രാജ്യത്തിന്റെ അസ്തിത്വം സംരക്ഷിക്കാനുള്ള എല്ലാ ജനാധിപത്യ മുന്നേറ്റങ്ങളോടും ഉപാധികളോടെയും, ചിലപ്പോഴെങ്കിലും നിരുപാധികവും ഐക്യപ്പെടാനുള്ള സന്നദ്ധത കൂടി മുസ്‌ലിം സമുദായത്തിനുണ്ടാകണം. ദളിത്, ഗോത്ര സമൂഹങ്ങൾ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങുമ്പോൾ അവരെ കേൾക്കാനും ആവശ്യമെങ്കിലും അവർക്കുവേണ്ടി ഒച്ചവെക്കാനും മുസ്‌ലിംകൾ മുന്നിലുണ്ടാകണം.
*📍10)* സമുദായത്തിലെ പുതുതലമുറയെ ആത്മവിശ്വാസത്തോടെയും അഭിമാനബോധത്തോടെയും വളർത്തിക്കൊണ്ടുവരണം. ഞങ്ങൾ ഒന്നിനും കൊള്ളാത്തവർ എന്ന മനോനില അവരിൽ രൂപപ്പെടാതിരിക്കാൻ മുസ്‌ലിം സംഘടനകൾ മനസുവെക്കണം. ശിരസ്സുയർത്തിപ്പിടിച്ച് ജീവിക്കാൻ അവർക്ക് ആത്മവിശ്വാസം പകരണം. നമ്മൾ തോറ്റ ജനത അല്ലെന്ന് അവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക.
*📍11)* ആർ എസ് എസിന്റെ അജണ്ടകളിൽ കയറി കൊത്താതിരിക്കുക. മുസ്‌ലിം - ഹിന്ദു, മുസ്‌ലിം - ക്രിസ്ത്യൻ പിളർപ്പിന് അവർ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ആ ചൂണ്ടയിൽ കൊത്തുന്നതോടെ വിജയിക്കുന്നത് ആർ എസ് എസ് ആയിരിക്കും.
*📍12)* പ്രശ്നങ്ങൾ ഉണ്ടായിരിക്കെ തന്നെ സമൂഹ ശാക്തീകരണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണം. വിദ്യാഭ്യാസ മുന്നേറ്റം പ്രധാന അജണ്ടയാകണം. സാധ്യതകൾ ഇപ്പോഴും മുന്നിലുണ്ട്. ആർ എസ് എസല്ല രാജ്യം. അവരുണ്ടാക്കുന്ന മുറിവുകളെ ഇന്ത്യയുടെ പൊതുബോധം ചികിൽസിച്ചു ഭേദപ്പെടുത്തും. സമയമെടുത്തേക്കും, എന്നാലും അത് സംഭവിക്കും. വർഗീയത മാത്രം ഭക്ഷിച്ചുകൊണ്ട് ഒരു ജനതയ്ക്ക് എക്കാലവും നിൽക്കാനാകില്ല.
*☝🏼അല്ലാഹു അഅ്ലം☝🏼*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ