2024, മാർച്ച് 10, ഞായറാഴ്‌ച

*മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്, ശ്രദ്ധിച്ച് കുടിക്കാം കുപ്പിവെള്ളം*

[ [www.atozkerala.in , *മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്, ശ്രദ്ധിച്ച്‌ കുടിക്കാം കുപ്പിവെള്ളം*

_
കനത്ത വെയിലില്‍ ദാഹിച്ച്‌ വലയുമ്പോൾ കുപ്പിവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 

*പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം നടത്തുകയോ വില്‍പ്പന നടത്തുകയോ ചെയ്യരുത്.*

കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ശുദ്ധജലം, ശീതള പാനീയങ്ങള്‍ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കി ഇടുന്നത് അപകടകരമാണ്.

 വില്ലൻ പോളി എത്തിലീൻ ടെറഫ് താലേറ്റ്
പോളി എത്തിലീൻ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധാരണ കുപ്പികള്‍ നിർമ്മിക്കുന്നത്. ചില സമയങ്ങളില്‍ പെറ്റിനൊപ്പം ഗുണമേന്മ കുറഞ്ഞ രാസവസ്തുക്കളും ഇതിനൊപ്പം ചേർക്കുന്ന സാഹചര്യവുമുണ്ട്. കുപ്പിവെള്ളം വെയിലത്ത് വെക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങാൻ സാഹചര്യമുണ്ട്. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതരമായ രോഗങ്ങള്‍ക്ക് വഴിയൊരുക്കും. കുപ്പിയുടെ പുറത്ത് പോളി എത്തിലീൻ ഉപയോഗിച്ചുള്ള ലേബല്‍ പതിക്കാൻ ഉപയോഗിക്കുന്ന പശയും വില്ലനാണ്. ചൂടാകുമ്പോള്‍ പശയും നേരിയ തോതില്‍ വെള്ളത്തില്‍ ആഗിരണം ചെയ്യപ്പെടുന്നുണ്ട്.

* പരിശോധന ശക്തം*

കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തുന്നതിനുള്ള കർശന പരിശോധനയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്നത്. അഞ്ചു സ്‌ക്വാഡുകളായാണ് പരിശോധന. നിലവില്‍ 160 ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വെയിലത്ത് തുറന്നിട്ട രീതിയില്‍ കുപ്പി വെള്ളം സൂക്ഷിച്ച 10 സ്ഥാപനങ്ങള്‍ക്ക് വെള്ളം പരിശോധിക്കാൻ നോട്ടീസ് നല്‍കി. തുറന്നിട്ട വാഹനത്തില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ കുപ്പി വെള്ളം കൊണ്ടുപോയതിന് രണ്ടു വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി. മേയ്‌ 31 വരെ പരിശോധന തുടരും.

* ശ്രദ്ധിക്കാം*

1. തുറന്ന വാഹനങ്ങളില്‍ കുപ്പിവെള്ള വിതരണത്തിനായി കൊണ്ടുപോകരുത്

2. കുപ്പിവെള്ളം തുറസായ സ്ഥലത്ത് സൂക്ഷിക്കുമ്പോള്‍ വെയിലേല്‍ക്കരുത്

3. വെയിലത്തു പാർക്ക് ചെയ്ത കാറുകളില്‍ കുപ്പിവെള്ളം സൂക്ഷിക്കാൻ പാടില്ല

4. കുപ്പി വെള്ളത്തില്‍ ഐ.എസ്‌.ഐ മുദ്ര‌യുണ്ടോ എന്ന് ഉറപ്പു വരുത്തണം

5.കടകളില്‍ വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം സൂക്ഷിക്കരുത്

* പരാതികള്‍ക്ക് ; 1800 425 1125*

“വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.” സക്കീർ ഹുസെെൻ, അസി.കമ്മിഷണർ , ഭക്ഷ്യസുരക്ഷ ഓഫീസർ]

അഭിപ്രായങ്ങളൊന്നുമില്ല: