2024, ജൂലൈ 4, വ്യാഴാഴ്‌ച

[ *🛑വൻതോതിൽ മായംചേർത്ത ചായപ്പൊടി പിടികൂടി; ഗോഡൗൺ സീൽ ചെയ്തു, രാസവസ്തുക്കൾ പിടിച്ചെടുത്തു* *04.07.2024 | Malappuram Live* *തിരൂർ:* മായം ചേർത്ത തേയില വിൽപ്പന നടത്തുന്നയാളെ മലപ്പുറം ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഡി. സുജിത്ത് പെരേരയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടി. വേങ്ങര കൂരിയാട് സ്വദേശി ചെള്ളിസൂപ്പൻ മുഹമ്മദ് അനസ്സിൽ നിന്നാണ് 40 കിലോ മായം ചേർത്ത തേയില പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്ന് വാഹനത്തിൽ വച്ച് പിടികൂടിയത്. വെങ്ങാട്ടുള്ള ആഷിഖ് എന്നയാളുടെ ഗോഡൗണിൽ നിന്ന് കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന 100 കിലോയോളം തേയിലയും രാസവസ്തുക്കളും പിടിച്ചെടുത്തു. ഗോഡൗൺ സീൽ ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ തിരൂർ, താനൂർ സർക്കിളുകളിലെ തട്ടുകടകൾ കേന്ദ്രീകരിച്ച് നടത്തിയ രാത്രികാല പരിശോധനയിൽ കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന ചായപ്പൊടി നിർമാതാവിന്‍റെ പേരോ ലേബൽ വിവരങ്ങളോ ഇല്ലാതെ നിർലോഭം വിറ്റഴിക്കുന്നതായി തിരൂർ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിതരണക്കാരനായ വേങ്ങര സ്വദേശിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മുഹമ്മദ് അനസ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ജൂലൈ മൂന്നിന് ഉച്ചയ്ക്ക് വൈലത്തൂർ ഭാഗങ്ങളിൽ ചായപ്പൊടി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പിടിയിലായത്. തുടർ പരിശോധന നടത്തുന്നതിനായി പിടികൂടിയ തേയിലയുടെ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ദീർഘനേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ മുഹമ്മദ് അനസിന് തേയില എത്തിച്ചു നൽകുന്ന ആളുടെ പേര് ശേഖരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ മേൽവിലാസം കണ്ടെത്തുകയും മങ്കട സർക്കിളിലെ വെങ്ങാടുള്ള ആഷിഖ് എന്ന വ്യക്തിയുടെ ഗോഡൗണിൽ എത്തിച്ചേരുകയും ചെയ്തു. വെങ്ങാട്ടുള്ള ഗോഡൗണിൽ പരിശോധന നടത്തിയപ്പോൾ കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന 100 കിലോയോളം തേയിലയും രാസവസ്തുക്കളും പിടിച്ചെടുത്തു. തുടർന്ന് ഭക്ഷ്യവസ്തുവിന്റെ സ്റ്റാറ്റ്യൂട്ടറി സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി കോഴിക്കോട് റീജണൽ അയക്കുകയും ഗോഡൗൺ സീൽ ചെയ്യുകയും ചെയ്തു. മായം ചേർത്ത് തേയില വില്പന നടത്താൻ ശ്രമിച്ച ഇരു വ്യക്തികൾക്കെതിരെയും ക്രിമിനൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ഡി. സുജിത് പെരേര അറിയിച്ചു. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമീഷണറോടൊപ്പം മലപ്പുറം ഭക്ഷ്യസുരക്ഷാ നോഡൽ ഓഫിസർ പി. അബ്ദുൾ റഷീദ്, തിരൂർ ഭക്ഷ്യ സുരക്ഷ ഓഫിസർ എം.എൻ. ഷംസിയ, കോട്ടക്കൽ ഭക്ഷ്യസുരക്ഷാ ഓഫിസർ യു.എം. ദീപ്തി, മങ്കട ഭക്ഷ്യസുരക്ഷാ ഓഫിസർ എ.പി. അശ്വതി, സീനിയർ ക്ലാർക്ക് പി.എൻ. പ്രവീൺ, ഓഫിസ് അറ്റൻഡന്‍റ് എസ്. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. ➖➖

അഭിപ്രായങ്ങളൊന്നുമില്ല: