2024, നവംബർ 22, വെള്ളിയാഴ്‌ച

ഇന്ത്യയിൽ ഒരു യുദ്ധം പരാജയപെട്ടതിൻ്റെ പേരൻ്റെ പേരിൽ പ്രധാനമന്ത്രിക്ക് പദവി നഷ്ടപ്പെടുക

[ ഇന്ത്യയിൽ ഒരു യുദ്ധം പരാജയപ്പെട്ടതിൻ്റെ പേരിൽ ബ്രിട്ടീഷ് പാർലമെൻ്റ് തന്നെ സ്തംഭിച്ചുപോവുക.! പ്രധാനമന്ത്രിക്ക് പദവി നഷ്ടപ്പെടുക, മന്ത്രിസഭയടക്കം താഴെവീഴുക.! ഒടുവിൽ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഒരു മുപ്പത്തിരണ്ടുകാരനോട് സന്ധിക്കുവേണ്ടി യാചിക്കുക.! നാലുനൂറ്റാണ്ടിൻ്റെ കൊളോണിയൽ ചരിത്രത്തിലും ബ്രിട്ടീഷുകാരൻ ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ പ്രതിയോഗി, പക്ഷേ പഠിച്ച ഏതെങ്കിലും പാഠപുസ്തകത്തിൽ നമ്മൾ കണ്ടിരുന്നോ ഇങ്ങനെയൊരു ടിപ്പു സുൽത്താനെ? ഞാൻ കണ്ടിട്ടില്ല. സുൽത്താൻ പരാജയപ്പെട്ടു വീണ യുദ്ധമല്ലാതെ വിജയിച്ച പോരാട്ടങ്ങളിൽ ഒരെണ്ണത്തെ പറ്റിപ്പോലും കേട്ടിരുന്നില്ല. ദക്ഷിണേന്ത്യയെ പ്രകമ്പനം കൊള്ളിച്ച യുദ്ധങ്ങളുടെ മഹിമ അറിഞ്ഞിരുന്നില്ല. നാഗപട്ടണം, പൊള്ളിലൂർ, തഞ്ചാവൂർ, സാവനൂർ, വാന്ധിവാഷ്, ആർക്കോട്ട്, ത്യാഗർ, കാഞ്ചി തൊട്ട് മംഗലാപുരം വരെ, കടലുകൾക്കപ്പുറത്തേക്ക് കീർത്തി പരന്ന പടയോട്ടങ്ങൾ.! പൊള്ളിലൂരിൽ വീണത് ബെയ്ലിയാണെങ്കിൽ കാഞ്ചീപുരത്ത് കേണൽ മൺറോയാണ്. തഞ്ചാവൂരിൽ തോറ്റത് ബ്രെയ്ത്വെയ്റ്റ്, ത്യാഗറിൽ സ്റ്റുവർട്ട് വീണപ്പോൾ ബെദ്നൂരിൽ മാത്യൂസ്, പിന്നാലെ സ്മിത്ത്, കൂട്ടെ, വില്യംസ്, ഈ തോറ്റവരെല്ലാം തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ എണ്ണം പറഞ്ഞ പടനായകന്മാരായിരുന്നു.! ഇംഗ്ലീഷുകാർ തോറ്റോടിയ രണഭൂമിയിലേക്ക് പകരക്കാരെ കണ്ടെത്താൻ സ്കോട്ലൻ്റിലെ മലമടക്കുകളിൽ പടയാളികളെ തേടിയൊരു കാലമുണ്ടായിരുന്നല്ലോ ബ്രിട്ടന്, 'ഹൈലാൻ്റേഴ്സ് റെജിമെൻ്റുകൾ'.! പതിനായിരക്കണക്കിന് സ്കോട്ടിഷ് പോരാളികളെ വരിനിരത്തിയും പരിശീലനം കൊടുത്തും ഇന്ത്യയിലേക്ക് കപ്പലേറ്റിവിടുമ്പോൾ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഒരേയൊരു 'അഭിമാനപ്രശ്നം', ടിപ്പു സുൽത്താൻ.. എങ്ങനെയാണ് അവർക്കത് അഭിമാനത്തിൻ്റെ പ്രശ്നമായത്? ഇന്ത്യയിൽ ബ്രിട്ടീഷുകാരൻ ഏറ്റുവാങ്ങിയ ഓരോ പരാജയവും യൂറോപ്പിലും അമേരിക്കയിലും അവരെ പരിഹാസ്യരാക്കി. പാരീസിൽ ടുയിലെറീസിൻ്റെ മൈതാനത്ത് ഇന്ത്യയിലെ യുദ്ധവാർത്ത വിളംബരം ചെയ്യുമ്പോൾ പതിനായിരങ്ങളായിരുന്നു ആർത്തുവിളിച്ചത്. അതിനുസാക്ഷിയായിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, അമേരിക്കയിലെ വിപ്ലവ ഭരണകൂടത്തിന് 'ഹൈദറുടെ മകൻ്റെ' മഹത്വമെഴുതി. യുദ്ധം മാത്രമല്ല, അതു കഴിഞ്ഞുള്ള സന്ധിയെയും അറിയണം, മംഗലാപുരം ഉടമ്പടി.! ബ്രിട്ടീഷുകാരിൽ നിന്ന് പിടിച്ചെടുത്ത മംഗലാപുരത്തേക്ക് അവരെ വരുത്തിച്ച് സന്ധിയിൽ ഒപ്പുവെപ്പിച്ചതിനെ ഹീറോയിസമെന്നല്ലാതെ വിളിക്കാനൊരു വാക്കുണ്ടോ? മദ്രാസ് കീഴടക്കിയേക്കുമെന്നായപ്പോൾ കമ്പനി തന്നെയായിരുന്നു സമാധാനത്തിന് അഭ്യർത്ഥിച്ചത്. അവിടെയും കണ്ടു, ടിപ്പുവിൻ്റെ ചങ്കൂറ്റം. സന്ധി സംസാരിക്കുമെങ്കിൽ അത് കീഴ്വഴക്കം പോലെ പട്ടാളത്തലവനോടോ മദ്രാസിൻ്റെ ഗവർണറോടോ ആയിരിക്കില്ല, മറിച്ച് കമ്പനിയോടുതന്നെയായിരിക്കും എന്ന പ്രഖ്യാപനം. മംഗലാപുരം സന്ധി ഉണ്ടായിരിക്കുന്നത് ഏതെങ്കിലുമൊരു പട്ടാളത്തലവനോടോ ജില്ലാ കളക്ടറോടോ പ്രവിശ്യാ ഗവർണറോടോ അല്ല, സാക്ഷാൽ ഈസ്റ്റിന്ത്യാ കമ്പനിയോടാണ്. സ്വന്തമായി യുദ്ധം പ്രഖ്യാപിക്കാനും സമാന്തര ഭരണം നടത്താനും അധികാരമുള്ള ലോകത്തെ ഏക കമ്പനിസാമ്രാജ്യത്തോട്. അതും അവർ പാലിക്കേണ്ട വ്യവസ്ഥകൾ അവരോട് അങ്ങോട്ട് കൽപ്പിച്ച ഉടമ്പടി. ഈസ്റ്റിന്ത്യാ കമ്പനിയുടെ പരാജയം കൊണ്ടായിരുന്നു പ്രധാനമന്ത്രി വില്യം ഹെൻറി ബെൻ്റിക്റ്റിന് രാജിവെക്കേണ്ടിവന്നത്, മന്ത്രിസഭയടക്കം താഴെവീണത്.! പിന്നാലെ അധികാരത്തിൽ വന്ന വില്യം പിറ്റ് കൈക്കൊണ്ട ആദ്യത്തെ നടപടി തന്നെ സുൽത്താനുമായി സന്ധിയിലെത്തുക എന്നതായിരുന്നു. ഒരു കണ്ടീഷനും മുന്നിൽ വെക്കാതെ 'നിരുപാധികം വഴങ്ങിക്കൊടുക്കാൻ' ഈസ്റ്റിന്ത്യാ കമ്പനിക്ക് കൽപ്പന നൽകപ്പെട്ടു. അങ്ങനെയാണ് സർ ആൻ്റണി സാഡ്ലയർ മംഗലാപുരത്തു ചെന്ന് സന്ധിയിൽ ഒപ്പുവെക്കുന്നത്. ബ്രിട്ടീഷ് പാർലമെൻ്റ് ആവശ്യപ്പെട്ട സമാധാനം, പാലിക്കേണ്ട വ്യവസ്ഥകളാവട്ടെ സുൽത്താൻ അങ്ങോട്ട് പ്രഖ്യാപിച്ചതും! വ്യവസ്ഥ കേട്ട് അതിലൊരു ഒപ്പിടാൻ വേണ്ടി മാത്രമാണ് കമ്പനിയുടെ കമ്മീഷണർ ജനറലിന് മംഗലാപുരത്തേക്ക് പോവേണ്ടിവന്നത്. ഇന്ത്യയുടെ കിഴക്കേ തീരത്തുള്ള മദ്രാസിൽ നിന്നും പടിഞ്ഞാറൻ തീരത്തെ മംഗലാപുരത്ത് ചെന്ന് ഒരൊപ്പിടേണ്ടിവന്ന ആ നിമിഷം, ആ നിമിഷത്തിലും ഭൂമിയുടെ പത്തിലൊന്ന് സമ്പത്ത് ഈസ്റ്റിന്ത്യാ കമ്പനിയുടെ കാൽച്ചുവട്ടിൽ തന്നെയായിരുന്നു.! അതാണ് മംഗലാപുരം സന്ധിയുടെ പൊലിമ.. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഒന്നുമല്ലാതാക്കിയ ആ ഒരു നിമിഷമുണ്ടല്ലോ, അതിനു തുല്യം നിൽക്കാനൊരു ഹീറോയിസം ഈ നാടിൻ്റെ ചരിത്രം കണ്ടിട്ടില്ല. ടിപ്പുവിൻ്റെ ജീവൻ കൊണ്ടല്ലാതെ ഈ അപമാനത്തിനു പകരം വീട്ടലില്ലെന്ന് റിച്ചാഡ് വെല്ലസ്ലി പ്രഖ്യാപിച്ചതും മറ്റൊന്നുകൊണ്ടായിരുന്നില്ല. ആണൊരുത്തൻ നെഞ്ചുംവിരിച്ച് നിന്നിടത്താണ് ഇന്ത്യയുടെ അന്തസ്സ്.! ഒന്നോർത്തുനോക്കിയേ, ടിപ്പു സുൽത്താനും കൂടെ കീഴടങ്ങിയിരുന്നെങ്കിലോ? സാമ്രാജ്യത്വത്തിനു മുന്നിൽ ചെറുത്തു നിന്ന ചരിത്രമില്ലാത്ത, ഭീരുക്കളുടെ നാടായി ഇന്ത്യ അറിയപ്പെടുമായിരുന്നു. ഇവിടുണ്ടായിരുന്ന എല്ലാവരും കീഴടങ്ങിയവരാണ്, മുഗളരും നൈസാമും മറാത്തകളും സിന്ധ്യമാരും നവാബുമാരും സിക്കുകാരും ജാട്ടുകളും രജപുത്രരും അഫ്ഗാനികളും ഗർവാളികളും ഗൂർഖകളും തൊട്ട് കൊച്ചിയും തിരുവിതാംകൂറും വരെ. കീഴടങ്ങിയവർക്ക് ബ്രിട്ടീഷുകാരൻ കൊടുത്ത രാജപദവികൾ അനന്തരമായി കണ്ട ഇവരുടെ പിൻഗാമികളിലധികവും ഇന്നും ശേഷിക്കുന്നുമുണ്ട്. ഈ നാടിനെ വെള്ളക്കാരന് അടിയറവെച്ചുകൊടുത്തതിൻ്റെ പ്രതിഭലമായിരുന്നു അവരുടെ "princely" പദവികൾ. ഇന്ത്യയെ വഞ്ചിച്ച ഭീരുക്കളുടെ ആ ചരിത്രത്തിൽ ഏതുമൂലയിലാണ് അന്തസ്സുള്ളത്? ഇന്ത്യക്ക് അതിൻ്റെ പോരാട്ടചരിത്രത്തിൽ അഭിമാനിക്കാനുണ്ടെങ്കിൽ അതൊരേയൊരിടത്താണ്, തൻ്റെ ജനതയ്ക്കു വേണ്ടി പൊരുതിവീണവൻ്റെയടുത്ത്.! സാമ്രാജ്യത്വത്തെ തുടക്കം മുതൽ ഒടുക്കം വരെയും ചെറുത്തവരിൽ ഒരൊറ്റ രാജാവ് മാത്രമേ ഇന്ത്യയിലുള്ളൂ. തനിച്ചാണെന്ന് കണ്ടിട്ടും, വിജയിക്കില്ലെന്ന് തീർപ്പെഴുതിയിട്ടും പൊരുതിയ ഒരേയൊരാൾ.! ടിപ്പു സുൽത്താൻ.. ഒറ്റുകൊടുത്ത് വിജയിച്ചവരുടെ ചരിത്രത്തിലല്ല, പൊരുതി തോറ്റവൻ്റെ പേരിലാണ് ഈ നാടിൻ്റെ അന്തസ്സ്. പ്രതിരോധിക്കാൻ ഒരാളെങ്കിലും ശേഷിച്ചല്ലോ എന്നതിലാണ് അഭിമാനം. സുൽത്താനും കൂടി കീഴടങ്ങിയിരുന്നെങ്കിൽ ചെറുത്തു നിൽക്കാൻ കെൽപ്പില്ലാത്തവരായി ചരിത്രം നമ്മളെ എഴുതിത്തള്ളിയേനേ. റെഫറൻസ് Battles of the Honourable East India Company (M.S Navarane) Papers of Benjamin Franklin Vol 25 (U.S National Archives) The Duke of Portland - Politics and Party in the Age of George III (David Wilkinson) Selections from the Letters, Despatches, and Other State Papers Preserved in the Bombay Secretariat Vol 2 (George W Forrest) Courtesy to afthab Rahman) ജന്മവാർഷികത്തിൽ രാജ്യം മുഴുവൻ ധീര യോദ്ധാവിന്റെ സ്മരണ പുതുക്കട്ടെ . -ഷിഹാബ് ആലിക്കൽ

അഭിപ്രായങ്ങളൊന്നുമില്ല: