2015, ഏപ്രിൽ 1, ബുധനാഴ്‌ച

വിവാഹവും ലജ്ജയും [- നാലപ്പാട്ട് നാരായണമേനോന്‍ ]

________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com]
 
പ്രകൃതി സ്ത്രീപുരുഷന്മാരെ തമ്മില്‍ കൂട്ടിയിണക്കാന്‍വേണ്ടി ഏര്‍പ്പെടുത്തിയ ഒരു സ്വഭാവവിശേഷമാണ് ലജ്ജാശീലം. പുരുഷന്റെ കാമവികാരത്തെ ഉത്തേജിപ്പിക്കുന്നതില്‍ സ്ത്രീയുടെ ലജ്ജയ്ക്കുള്ള ത്രാണി അതിപ്രധാനമാണ്. ലജ്ജ എന്നത് പ്രകൃത്യാ മറച്ചുവെക്കാന്‍ പ്രേരിപ്പിക്കുന്നതും ലിംഗഭേദവ്യാപാരങ്ങളോട് ചുറ്റിപ്പിടിച്ചു നില്ക്കുന്നതും, പ്രധാനമായി വ്യാപരിക്കുന്നതു സ്ത്രീകളിലാണെങ്കിലും സ്ത്രീയിലും പുരുഷനിലും കാണപ്പെടുന്നതുമായ ഒരുതരം ഭയമാണ്. അത്തരം ഭയം കുറഞ്ഞിരിക്കുന്ന ഒരു സ്ത്രീക്കും ഒരു സാമാന്യപുരുഷനെ വശീകരിക്കുവാന്‍ കഴികയില്ല. ബേര്‍ബണ്‍ പട്ടണത്തിലെ കുളിസ്ഥലങ്ങളില്‍ച്ചെന്ന കസനോവ, ആ പ്രദേശത്തുള്ള ആചാരമനുസരിച്ച് കുളിപ്പിക്കാനുള്ള യുവതികളില്‍വെച്ചു തിരഞ്ഞെടുക്കപ്പെട്ട ഒരു സുന്ദരിയായ പെണ്‍കിടാവു ചെന്ന്, അദ്ദേഹത്തിന്റെ ഉടുപ്പഴിച്ചുമാറ്റി, സ്വയം നഗ്നയായി കുളിമുറിയിലേക്ക് ഒന്നിച്ചു കടന്നു ദേഹം തേച്ചുകഴുകിച്ചുകൊടുക്കാന്‍ തുടങ്ങിയപ്പോള്‍, യാതൊരു വികാരഭേദവും തനിക്കുണ്ടായില്ലെന്ന് ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് സ്‌റ്റെന്‍ഡല്‍ ലജ്ജയ്ക്ക് 'അനുരാഗത്തിന്റെ അമ്മ' എന്നു നാമകരണം ചെയ്യാന്‍ കാരണം. തുര്‍ക്കിയിലെ അടിമച്ചന്തസ്ഥലങ്ങളില്‍ ക്ഷണത്തില്‍ നാണംകുണുങ്ങുന്ന സ്ത്രീകള്‍ക്കാണ് അധികം വില കിട്ടാറെന്ന് ഡാര്‍വിന്‍ പറയുന്നതു നാമിവിടെ സ്മരിക്കേണ്ടിയിരിക്കുന്നു.

നാലപ്പാട്ട് നാരായണമേനോന്റെ 'രതിസാമ്രാജ്യം വാങ്ങാം'

ലജ്ജ സ്ത്രീപുരുഷന്മാരെ കൂട്ടിയിണക്കാനുള്ള ഒരു പ്രധാനോപകരണമാണെന്നതിലേക്ക് മറ്റൊരു തെളിവാണ്, പുരുഷസംഭോഗാനുഭവത്തോടുകൂടി സ്ത്രീക്ക്, അതു തീരേ ഇല്ലാതാകാറില്ലെങ്കിലും, കുറഞ്ഞുവരുമെന്നുള്ളത്. ഒരു ചെറുപെണ്‍കിടാവിന്റെ ലജ്ജാശീലം ആ പ്രായത്തിലുള്ള യുവാവിന്റെതിനെക്കാള്‍ കൂടിയിരിക്കയും, ലോകപരിചയം നേടിയ ഒരു ഭാര്യയ്ക്കു ഭര്‍ത്താവിനുള്ളതിനെക്കാള്‍ കുറഞ്ഞിരിക്കയും ചെയ്യും - എന്നുവെച്ചാല്‍, എല്ലിസ്സ് പറയുമ്പോലെ, 'പുളപ്പുകാലം കഴിഞ്ഞാല്‍ ഒരാണ്‍പക്ഷിയുടെ മനോഹരത്തൂവലുകള്‍ കൊഴിഞ്ഞുപോകാറുള്ളവിധം ആവശ്യമില്ലെന്നാകുമ്പോള്‍ സ്ത്രീ തന്റെ ലജ്ജയാകുന്ന ഉടുപ്പിനെ അഴിച്ചുമാറ്റുന്നു' എന്നര്‍ഥം. ഇതു കണ്ടിട്ടു ലജ്ജാശീലം സ്ത്രീകളുടെ ഒരു കൃത്രിമവേഷമാണെന്നു ചിലര്‍ തീര്‍ച്ചപ്പെടുത്തുന്നത് അബദ്ധമാണെന്ന് എല്ലിസ്സ് പറയുന്നു. അദ്ദേഹത്തിന്റെ പക്ഷത്തില്‍, അതു ചിലപ്പോള്‍, ഞൗഞ്ഞിയുടെ പുറംതോടുപോലെ, അഭേദ്യമായ ഒരു ചട്ടയും, ചിലപ്പോള്‍ തനിയേ അഴിഞ്ഞുപോകുന്ന ഒരു മൂടുപടവുമാണ്. ഒരു പുരുഷന്റെ ലജ്ജയ്ക്കു കുറെക്കൂടി ഉറപ്പുണ്ട്. അതു സ്ത്രീയുടെതുപോലെ രണ്ടറ്റത്തേക്കും ആടിയുലയുന്ന ഒന്നല്ല. അതുകൊണ്ടാണ് അജ്ഞന്മാരായ പുരുഷന്മാര്‍ സ്ത്രീയുടെ നാണംകുണുങ്ങിത്തത്തോടു ശുണ്ഠിയെടുക്കുകയും അവളുടെ വിഷയലമ്പടത്വത്തോടു വെറുപ്പുകാണിക്കുകയും ചെയ്യുന്നത്; എന്നാല്‍, എപ്പോഴും നാണംകുണുങ്ങിയായ സ്ത്രീ പുരുഷന്മാരില്‍ വെറുപ്പുണ്ടാക്കുമെന്നുള്ളതോടുകൂടി, ലജ്ജയും ധൃഷ്ടതയും കൂടിച്ചേര്‍ന്നവളാണ് പുരുഷനെ അസാമാന്യമായാകര്‍ഷിക്കുന്നതെന്ന വാസ്തവവും നാം ഓര്‍മിക്കേണ്ടിയിരിക്കുന്നു. ആറാമന്‍ അലക്‌സാണ്ടര്‍ എന്ന പോപ്പ് ജര്‍മനിയിലെ സ്ത്രീകള്‍ വൈവാഹികജീവിതത്തില്‍ ഉശിരുകൂട്ടുന്നതിനും ഭര്‍ത്താക്കന്മാരെ അധികമായി സന്തോഷിപ്പിക്കുന്നതിനുംവേണ്ടി സംഭോഗത്തില്‍ പുരുഷായിതം കൈക്കൊള്ളണമെന്ന ഒരു കല്പന പുറപ്പെടുവിച്ചത് ഇവിടെ ശ്രദ്ധേയമത്രേ.

അനിഷ്ടനായ പുരുഷന്റെ തള്ളിക്കയറ്റത്തില്‍നിന്നു കാമവികാരകേന്ദ്രങ്ങളെ രക്ഷപ്പെടുത്തുന്നതിലാണ് ലജ്ജ മൃഗങ്ങളിലും മനുഷ്യരിലും സാമാന്യമായി പ്രവര്‍ത്തിക്കുന്നത്. പുളപ്പുകാലത്തല്ലാതെ നായയുടെ അടുത്തുകൂടല്‍ കവിഞ്ഞുപോകുന്നുണ്ടെന്നു കണ്ട പട്ടി പിന്‍ഭാഗത്തെ നിലത്തേക്കൂന്നി അമര്‍ന്നിരിക്കുന്നു. ഈ ഭയംകൊണ്ടാവശ്യമില്ലാത്തേടത്തു ലജ്ജാശീലം പ്രവര്‍ത്തിക്കുന്നില്ല. ഭൃത്യജനങ്ങളെ അടുത്തുകൂടാന്‍ ഒരിക്കലും സമ്മതിക്കാതിരുന്ന പണ്ടത്തെ ഫ്രഞ്ച് വനിതകള്‍ക്കു ചിലപ്പോള്‍ അവരുടെ മുന്‍പില്‍ യാതൊരു ലജ്ജയും ഉണ്ടാകാറില്ല. സ്ത്രീകള്‍ എഴുന്നേറ്റു കവച്ചുനിന്നു കാലിടകള്‍ക്കിടയില്‍ വെച്ചിട്ടുള്ള പാത്രത്തില്‍ ചൂടുവെള്ളം പകര്‍ന്നുകൊടുക്കുവാന്‍ ഭൃത്യന്മാരെ അനുവദിച്ചിരുന്നു. അതിനാല്‍, ലജ്ജ എപ്പോഴും കാമവികാരത്തിന് ഇളക്കം തട്ടിയിട്ടുണ്ടെന്നതിനെ സൂചിപ്പിക്കുന്നു. സ്ത്രീയുടെ കാമവികാരാവേഗത്തിന്റെ ഒരു പ്രധാന തെളിവാണ് ലജ്ജയെന്ന് എല്ലിസ്സ് തീര്‍ത്തുപറയുന്നു. ലജ്ജാശീലം കൂടിയ സ്ത്രീകളാണ് ധീരകളായ യുവതികളെക്കാള്‍ നല്ല അനുരാഗഭാജനങ്ങളായിത്തീരുന്നതെന്ന് വെനെറ്റും റെസ്റ്റിഫും മറ്റു പലരും സിദ്ധാന്തിക്കുന്നുണ്ട്. ലജ്ജയില്‍നിന്നാണ് വിലാസങ്ങളുടെ ഉദ്ഭവം. സ്ത്രീപുരുഷബന്ധത്തെ ദൃഢീകരിപ്പാന്‍ ലജ്ജയ്ക്കുള്ള ത്രാണി കണ്ടറിഞ്ഞിട്ടാണ് അപരിഷ്‌കൃതര്‍ക്കിടയിലുള്ള വിവാഹച്ചടങ്ങുകള്‍പോലും ഏര്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്; അത്തരം ചടങ്ങുകള്‍ ഇന്നു പരിഷ്‌കൃതവിവാഹച്ചടങ്ങുകളിലും നിഴലിച്ചുകാണുന്നു. ഹാന്‍സ് മെന്‍ജാഗോ പറയുന്നു: 'ഒരു സ്ത്രീയുടെ ലജ്ജയോടു യുദ്ധംവെട്ടുന്ന ഒരു പുരുഷനെ നോക്കിക്കാണുന്നതിനെക്കാള്‍ കാമവികാരോദ്ദീപകമായ മറ്റൊന്നും എനിക്ക് ഊഹിക്കാന്‍ വയ്യാ.' എന്നാല്‍ ആ ലജ്ജ എന്തായാലും വിടാതിരുന്നാല്‍ അതും വൈരസ്യജനകമായിത്തീരുന്നു. ഗോത്തിയെര്‍ പറയുകയുണ്ടായി: 'ഒരു പുരുഷനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടവളെയാണ്, സ്വന്തം അനുരാഗഭാജനത്തെ അടുക്കാന്‍ സമ്മതിക്കാതിരുന്ന സ്ത്രീയെക്കാള്‍ ഞാന്‍ സന്തോഷപൂര്‍വം വിവാഹം ചെയ്യുക.'

അപ്രതീക്ഷിതമായി കൈവരുത്തുന്ന സുഖത്തിനാണ് പറഞ്ഞൊത്തിട്ടുണ്ടാകുന്ന സുഖത്തിനെക്കാള്‍ ആസ്വാദ്യത കൂടുതല്‍. എല്ലാ പുരുഷന്മാര്‍ക്കും ഒരു സ്ത്രീയുടെ ചാരിത്രപ്രതിപത്തി എത്രകണ്ടധികമുണ്ടോ, അത്രകണ്ടാണ് അവളെ ആനന്ദമൂര്‍ച്ഛയിലെത്തിക്കാനുള്ള രസം. 'ശരീരം ആത്മാവിനെ, ദുസ്സ്വഭാവം സത്സ്വഭാവത്തെ, ഭൂമി സ്വര്‍ഗത്തെ കീഴടക്കലാണത്.' ബുദ്ധിപൂര്‍വമായാലോചിക്കുമ്പോള്‍ അതു കഥയില്ലായ്മയാണ്. സദാചാരവിരുദ്ധമാണ്; പക്ഷേ, അതിന്റെ രസം വിശിഷ്ടവും മഹത്തരവുമത്രേ. പുരുഷന്റെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ സ്ത്രീയുടെത് ഇതിനേതാണ്ടു വിപരീതമാണ്. സ്ത്രീക്കു ചാരിത്രവാനായ പുരുഷനെ കിട്ടണമെന്നു വലിയ ആഗ്രഹമുണ്ടാകുന്നില്ല. വാസ്തവത്തില്‍ അതങ്ങനെയേ വരൂ. നായാടുന്ന സത്ത്വത്തിനു തന്റെ പ്രവൃത്തി ശരിയായി നിര്‍വഹിക്കാന്‍ അങ്ങനെയൊരു വികാരം ആവശ്യമാണ്; നേരേമറിച്ചു, നായാടപ്പെടുന്ന സത്ത്വത്തിന് അതുണ്ടായതുകൊണ്ട് വലിയ ആകര്‍ഷകത്വമൊന്നും തോന്നുവാനില്ല; ഈ നിയമത്തിനുമുണ്ട് വ്യത്യസ്തതകള്‍. തേവിടിശ്ശികള്‍ക്കു സാമാന്യമായി ചാരിത്രവാന്മാരിലായിരിക്കും അതിപ്രതിപത്തി; മുന്‍പൊരിക്കലും ഒരു സ്ത്രീയുമായി അടുത്തുകൂടിയിട്ടില്ലാത്ത ഒരു യുവാവിന്റെ മേല്‍ സഹിച്ചുകൂടാത്ത അനുരാഗം തോന്നിയ ഒരു കുലടയെപ്പറ്റി ഹാന്‍സ് ഓസ്റ്റ് വാള്‍ഡ് പ്രസ്താവിക്കുന്നു. അന്യസ്ത്രീസ്​പര്‍ശം അനുഭവിച്ചിട്ടില്ലാത്ത പുരുഷന്മാരെ പിടികൂടാന്‍ ആര്‍ത്തിപ്പെട്ടിരുന്ന ഒരു കുലടയെപ്പറ്റി എല്ലിസ്സും പറഞ്ഞുകേട്ടിട്ടുണ്ടത്രേ.

അഭിപ്രായങ്ങളൊന്നുമില്ല:

[