2020, മാർച്ച് 17, ചൊവ്വാഴ്ച

ദുരിത കാലത്തെ ആരാധന

ദുരിത കാലത്തെ ആരാധന..! കൊറോണ വൈറസ് ഭീതിയിൽ ഉംറയും ത്വവാഫും ഉൾപ്പടെയുള്ള ആരാധനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വ്യാപകമായി പരിഹസിക്കപ്പെടുന്നുണ്ട്. മതത്തിന്റെ എല്ലാ കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയതാണെന്നും അതുകൊണ്ടാണ് ഇങ്ങനെ മതാചാരങ്ങൾ മാറ്റാൻ പറ്റുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ് കവർ സ്റ്റോറിയിലും വല്ലാതെ വികാരപ്പെട്ടു പറയുന്നത് കണ്ടു. ഇസ് ലാമിനെ കുറിച്ച് ഇവർക്കൊന്നും അറിയില്ലെന്നത് കൊണ്ടാണ് ഇടക്കിടെ ഇങ്ങനെ അബദ്ധങ്ങൾ വിളിച്ചു പറയുന്നത്. മാനുഷിക മൂല്യങ്ങൾക്ക് വലിയ വില കൽപ്പിച്ച മതമാണ് ഇസ്‌ലാം. അതിന്റെ ആരാധനാ രീതികൾ കൃത്യവും വ്യക്തവുമാണ്. അഞ്ചു നേരം മസ്ജിദിൽ പോയി സംഘടിതമായി നിസ്കരിക്കാൻ കൽപ്പിച്ച മതം തന്നെ, ശക്തമായ ചൂട്, കാറ്റ്, മഴ... തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ പള്ളിയിൽ വരേണ്ടതില്ലെന്നും സ്വഭവനങ്ങളിൽ തന്നെ ആരാധനകൾ നിർവഹിക്കാൻ കൽപ്പിക്കുകയും ചെയ്തു. അങ്ങനെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം ചെയ്യാൻ പറഞ്ഞു. ഇത് കൊറോണ കാലത്തെ നിയമമല്ല. പതിനാലു നൂറ്റാണ്ടായി ഈ മണ്ണിൽ നിലനിൽക്കുന്നതാണ്. വിശുദ്ധ മക്കയിൽ സദാസമയം തീർഥാടനം നടത്തൽ നിർബന്ധമാണെന്ന കൽപ്പനയൊന്നും ഈ മതത്തിനില്ല. കഅബാലയത്തിൽ ത്വവാഫ് നിലച്ച എത്രയോ സന്ദർഭങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. അതൊന്നും ഈ മതത്തിന്റെ മൗലിക പ്രശ്നവുമല്ല. മക്കയിലേക്ക് ഹജ്ജിനു പോകുമ്പോൾ വഴിയിൽ പട്ടിണിപ്പാവങ്ങളെ കണ്ടപ്പോൾ ആ യാത്രാ പണം പാവങ്ങൾക്ക് നൽകി തിരിച്ചു പോയ ഇമാം അബ്ദുല്ലാഹിബിൻ മുബാറക് (റ)ന്റെ ചരിത്രം സാഭിമാനം പറയുന്നവരാണ് മുസ്ലിംകൾ. ഇസ്ലാമിലെ ആരാധന കർമങ്ങൾ ലളിതവും മനുഷ്യനെ ഒരു നിലക്കും ബുദ്ധി മുട്ടിക്കാത്തതുമാണ്. നിന്നു നിസ്ക്കാൻ സാധിക്കാത്തവർ ഇരുന്നും അല്ലാത്തവർ കിടന്നും നിർവഹിക്കാം എന്നു പറഞ്ഞ മതം. വെള്ളമില്ലാത്ത ഘട്ടത്തിൽ അംഗ സ്നാനം നിർബന്ധമില്ലെന്നു പറഞ്ഞ മതം. ദാഹിച്ച ജീവിയും അംഗശുദ്ധി വരുത്താനുള്ള വെള്ളവും മാത്രമുള്ളയിടത്ത് വുളു (അംഗശുദ്ധി ) മാറ്റി വെച്ച് ദാഹിച്ച ജീവിയെ പരിഗണിക്കണമെന്നു പറഞ്ഞ മതം. ഈ മതം തന്നെയാണ് ദുരന്ത കാലത്തും രോഗസംക്രമണ കാലത്തും പൊതു ഇടങ്ങളിലെ സംഘടിത പ്രാർഥന വേണ്ടെന്നു പറഞ്ഞത്. അതിൽ യുക്തമാർക്കും അവരുടെ ട്രോളുകൾ ആനക്കാര്യമാണെന്നു കരുതുന്ന മീഡിയകൾക്കും ആഘോഷിക്കാൻ എന്തുണ്ട് കാര്യമെന്നാണ് മനസ്സിലാകാത്തത്. പ്ലേഗ് പോലുള്ള മാരക രോഗങ്ങൾ ഉള്ള നാട്ടിലേക്ക് നിങ്ങൾ യാത്ര ചെയ്യുകയോ, അത് ബാധിച്ച നാട്ടിലുള്ളവർ പുറത്തേക്ക് പോവുകയോ അരുതെന്ന് മുഹമ്മദ് നബി (സ) പറഞ്ഞത് പതിനാല് നൂറ്റാണ്ടായി ഇസ്ലാമിക പ്രമാണങ്ങളിലുണ്ട്. അത് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന മുസ്ലിംകൾക്കറിയാം, ദുരന്തകാലത്തെ മതവിധികൾ. അത് വെച്ച് യുക്തിവാദം ഒളിച്ചു കടത്താമെന്ന് മോഹിക്കുന്നവർ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് തിരിച്ചറിയുന്നത് നല്ലതാണ്. സത്താർ പന്തല്ലൂർ (general secretary SKSSF State committee) [ PLEASE SEE ADS IN MY BLOGS [www.atozkerala.in , www.atozkerala.blogspot.com]

അഭിപ്രായങ്ങളൊന്നുമില്ല: