2020, ജൂലൈ 5, ഞായറാഴ്‌ച
*പ്രിയപ്പെട്ടവര്‍ക്ക് മടിയില്ലാതെ സ്‌നേഹം കൊടുക്കുക; പിന്നെ ഖേദിച്ചിട്ട് കാര്യമില്ല
*പ്രിയപ്പെട്ടവര്‍ക്ക് മടിയില്ലാതെ സ്‌നേഹം കൊടുക്കുക; പിന്നെ ഖേദിച്ചിട്ട് കാര്യമില്ല*
രാവിലെ കടയിലെത്തി ഷട്ടര്‍ തുറക്കുവാന്‍ ഒരുങ്ങുമ്പോഴാണ് പോക്കറ്റിലുള്ള രണ്ടു ഫോണും ഒപ്പം ബെല്ലടിക്കുന്നത്.
ഷട്ടര്‍ തുറന്നിട്ട് ഫോണ്‍ എടുക്കാം എന്ന് വിചാരിച്ചു. എന്നാല്‍ നിര്‍ത്താതെയുള്ള ബെല്ലടി കേട്ട് ഞാന്‍ ഫോണെടുത്തു തൊട്ട വീട്ടിലെ ഹാജിയാര്‍ ആണ്.
'മോനെ അക്കു നീ വേഗം വീട്ടിലേക്ക് വാ' ഫോണ്‍ എടുത്ത ഉടനെ മുഖവുരയൊന്നും ഇല്ലാതെ ഹാജിയാര്‍ പറഞ്ഞു. 'എന്താ ഹാജിയാരെ പറയൂ എന്താണ്?' ' കുഴപ്പമില്ല ഡാ മോനെ നീ വേഗം ഒന്ന് വീട്ടിലേക്ക് വാ' ഹാജിയാര്‍ ഫോണ്‍ വച്ചു. ഞാന്‍ വേഗം അനിയന്റെ നമ്പര്‍ ഡയല്‍ ചെയ്തു. റിംഗ് ചെയ്യുന്നുണ്ട് പക്ഷേ ഫോണ്‍ എടുക്കുന്നില്ല. വേഗം ഫോണ്‍ പോക്കറ്റില്‍ തന്നെ ഇട്ട് പരമാവധി സ്പീഡില്‍ വീട്ടിലേക്ക് തിരിച്ചു. പ്രഷര്‍ ചെക്ക് ചെയ്യാന്‍ ഇന്നലെ ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞതാണ് ഇടക്കിടെ ബി പി നോക്കണം ഉമ്മാന്റെ ബി പി ഇപ്പോള്‍ കുറച്ച് ഹൈ ആണെന്ന്. പടച്ചോനെ എന്റെ ഉമ്മ...
എന്റെ ഉമ്മാക്ക് ഒന്നും വരുത്തരുത് റബ്ബേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ബൈക്കോടിച്ച് വീട്ടിലെത്തി. വീടിന്റെ ഗേറ്റ് കടന്നതും മുറ്റത്ത് ചെറിയ ആള്‍ക്കൂട്ടം എല്ലാവരും സങ്കടത്തോടെ എന്നെ നോക്കി നില്‍ക്കുന്നു. പടച്ചോനെ എന്റെ ഉമ്മാക്ക് എന്തെങ്കിലും.. ഹൃദയമിടിപ്പ് വല്ലാതെ കൂടി. ഞാന്‍ ഉമ്മ എന്ന് വിളിച്ച് വീട്ടിനുള്ളിലേക്ക് ഓടിക്കയറിയതും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഉമ്മ വന്നു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു. '
മോനെ നമ്മുടെ സുലു...' ഉമ്മയുടെ വാക്കുകള്‍ എന്റെ ഹൃദയത്തെ തുളച്ച് മസ്തിഷ്‌കത്തില്‍ പ്രകമ്പനം സൃഷ്ടിച്ച് മുഴങ്ങിക്കൊണ്ടിരുന്നു. അല്‍പം മുമ്പ് എന്റെ സുലുവിന്റെ കൈകൊണ്ട് ചായയും പലഹാരങ്ങളും ഉണ്ടാക്കി വിളമ്പിത്തന്നു. അതും കഴിച്ചുകൊണ്ട് ഇറങ്ങിപ്പോയതാണ് ഞാന്‍. എനിക്കൊന്നും വിശ്വസിക്കാനാവുന്നില്ല. അവളെ വെള്ള പുതപ്പിച്ച് കിടത്തിയിരുന്ന കട്ടിലിലേക്ക് സുലൂ എന്ന് നിലവിളിച്ച് ഞാന്‍ വീണു. സാധാരണ ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍, അവള്‍ അടുക്കള വാതില്‍ക്കല്‍ വന്ന് നോക്കി നില്‍ക്കുകയാണ് പതിവ്. എന്നാല്‍ ഇന്ന് ഗേറ്റുവരെ വന്ന് എന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു ഞാന്‍ അവളോട് ചോദിച്ചു എന്താ പെണ്ണേ ഇന്ന് എന്നെ ഇങ്ങനെ നോക്കുന്നത് എന്ന്. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു 'ഞാന്‍ എന്റെ ഇക്കാനെ കാണുകയാണ്,' 'എന്നാ കൊതി തീരുവോളം വേഗമൊന്ന് കാണൂ പെണ്ണേ.. കടയിലെത്താന്‍ വൈകി.' 'കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല എന്റെ മുത്തേ..' അത് ഇതിനായിരുന്നോ റബ്ബേ... അറിഞ്ഞില്ല ഞാന്‍.
എന്റെ സുലു.. സുലു..എന്ന് ഉറക്കെ കരഞ്ഞു വിളിച്ചു. വെള്ള പുതച്ച അവളുടെ നിശ്ചലമായ ശരീരം കണ്ട് സഹിക്കാനാവുന്നില്ല. പ്രാണന്‍ നഷ്ടപ്പെട്ട എന്റെ സിലുവിനെ വാരിയെടുത്തു മാറോടു ചേര്‍ത്തു കെട്ടിപ്പിടിച്ചു വീണ്ടും വീണ്ടും പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഈ കാഴ്ച കണ്ടുനില്‍ക്കാന്‍ ആവാതെ എന്റെ കൂട്ടുകാരും ബന്ധുക്കളും അവിടെനിന്നും മാറി നിന്നു. പെട്ടെന്ന് എന്റെ ഹൃദയം നില്‍ക്കുന്നതു പോലെ തോന്നി. കണ്ണുകളില്‍ ഇരുട്ട് ഇരച്ചുകയറി, ശരീരമാകെ ഒരു മരവിപ്പ്, സുലു എന്നുറക്കെ അട്ടഹസിച്ചു കൊണ്ട് ഞാന്‍ മറിഞ്ഞു വീണു.
ആരൊക്കെയോ എന്റെ മുഖത്തേക്ക് വെള്ളം തളിക്കുന്നു.. എന്നെ കോരിയെടുത്ത് തൊട്ടടുത്തുള്ള റൂമില്‍ കൊണ്ടുപോയി കിടത്തി തളര്‍ന്നു കിടന്നിരുന്ന എന്റെ അരികിലേക്ക് അതാ നടന്നു വരുന്നു എന്റെ സുലു അപ്പോഴാണ് എനിക്ക് സമാധാനമായത്. അവള്‍ പതിയെ ചിരിച്ചു. ആ ചിരിയില്‍ എന്നോടുള്ള സ്‌നേഹവും, പ്രണയവും തുളുമ്പി നില്‍ക്കുന്നു. അവളുടെ പരിഭവങ്ങളും പരാതികളും പൊട്ടിച്ചിരികളും.. തമാശകളും.. അവളുടെ പ്രണയം... എല്ലാം ഒരു തിരശ്ശീലയില്‍ എന്ന പോലെ മിന്നി മറഞ്ഞുകൊണ്ടിരുന്നു. എന്നും പ്രഭാതപ്രാര്‍ത്ഥനക്കു എന്നെ വിളിച്ചുണര്‍ത്താറുണ്ട് അവള്‍. ഇതാ അവള് വരുന്നു എന്നെ വിളിക്കാന്‍. ഇക്കാ നിങ്ങള് ഏണീക്ക് എല്ലാവരും നിങ്ങളെ അന്വേഷിക്കുന്നു. നിങ്ങള്‍ എന്താ ഇവിടെ വന്നിരിക്കുന്നത് എന്റെ അരികില്‍ വന്നിരിക്കു... ഇത്തിരിനേരം കൂടിയല്ലേ നിങ്ങള്‍ക്ക് ഇനി എന്റെ കൂടെ ഇരിക്കുവാന്‍ കഴിയൂ..' പെട്ടെന്ന് ഞാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു.
എണീറ്റ് ചെന്ന് അവളെ കിടത്തിയിരിക്കുന്ന കട്ടിലിന്റെ കാലില്‍ ചാരി എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നു എന്നെനിക്കു ഓര്‍മ്മയില്ല. ഒരു തരം മരവിപ്പ് മാത്രമാണ് എനിക്ക്, ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിഞ്ഞില്ല ആരൊക്കെയോ എനിക്ക് വെള്ളവും മറ്റും കൊണ്ടുവന്നു തരുന്നുണ്ട് ആരാണെന്ന് ഒന്നുമറിയുന്നില്ല, എന്റെ കണ്ണുകള്‍ എനിക്ക് തുറക്കാനാവുന്നില്ല. എന്റെ വസ്ത്രമെല്ലാം കണ്ണീരില്‍ കുതിര്‍ന്നു നില്‍ക്കുകയാണ്. എന്റെ ജിവനല്ലെ ഈ ജീവനറ്റു കിടക്കുന്നത്... ദാഹിച്ചു തൊണ്ട വരളുന്നു. പക്ഷേ ഞാനെങ്ങനെ ദാഹജലം കുടിക്കും.. 'ഇക്കാ....' 'എന്താ സൂലൂ..' 'ഞാന്‍ മരിച്ചാല്‍ നിങ്ങള് എന്റെ മയ്യത്ത് കുളിപ്പിക്കുമോ..?' പലപ്പോഴായി അവള് പറഞ്ഞിരുന്ന ആഗ്രഹം. അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് ഞാന്‍ പറയും, പെണ്ണെ ഞാന്‍ മരിച്ചിട്ടെ നീ മരിക്കുള്ളൂ... എന്നിട്ടിപ്പോ.... എന്റെ സുലു എന്നെയും തനിച്ചാക്കി പോയില്ലേ.. എനിക്ക് സാധിപ്പിച്ചു കൊടുക്കാന്‍ കഴിയുമായിരുന്ന കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങള്‍ മാത്രമേ അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഞാന്‍ നാളെ നാളെ എന്ന് പറഞ്ഞു നീട്ടിക്കൊണ്ടുപോയതല്ലെ എല്ലാം... ഒന്നും എനിക്ക് സാധിച്ചില്ലല്ലോ റബ്ബേ... എന്തിന് അവളോട് ഒന്ന് പുഞ്ചിരിക്കാനോ നല്ല വാക്ക് പറയാനോ.. ഇനി കഴിയില്ലല്ലോ.. എനിക്ക്... ഈ നെഞ്ച് നിറയെ അവളോടുള്ള സ്‌നേഹം ആയിരുന്നില്ലെ... എന്നിട്ടുമെന്തിന് ഞാന്‍ അളന്നു തൂക്കി മാത്രം നല്‍കിയത്.. ഇക്കാ... പ്രഭാത ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ഇക്ക എന്റടുത്തു ഒന്ന് വന്നിരിക്കുമൊ..? ഈ കസേരയിട്ട് വെറുതെ ഇരുന്നാല്‍ മതി. ഒന്നും ഹെല്‍പ് ചെയ്യണ്ട..' ഞാന്‍ മൊബൈലുമായി മുറിയില്‍ കിടക്കുമ്പോള്‍ അവള്‍ അറികില്‍ വന്ന് വി വിളിക്കും , എനിക്കും എന്റെ മുത്തി നോട് സംസാരിച്ചു കൊതിതീര്‍ന്നിട്ടില്ല..., അവള്‍ വിളിക്കുമ്പോള്‍ ചെല്ലണമെന്നും ഞാന്‍ കരുതുമായിരുന്നു പക്ഷേ, ഫോണില്‍ നോക്കി ഇങ്ങനെ ഇരുന്ന് സമയം പോവുന്നത് അറിയില്ല. ഇപ്പൊ വരാം പെണ്ണേ എന്ന് പറഞ്ഞു പിന്നെയും ഫോണില്‍ കളിച്ചു കൊണ്ടിരിക്കും.
എന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ കണങ്ങള്‍ പ്രളയം തീര്‍ത്തു കൊണ്ടിരിന്നു നേരെ ചൊവ്വേ കണ്ണൊന്നു തുറക്കാനും ആരെയും നോക്കനും കഴിയുന്നില്ല, നാളേക്ക് മാറ്റിവച്ച അവളുടെ എത്ര ആവശ്യങ്ങളാണ് ഇന്ന് ബാക്കി വച്ചിരിക്കുന്നത്... വള്ളിപൊട്ടിയ ഹാന്‍ഡ്ബാഗ്.. ഒന്ന് തുന്നിവരാന്‍ പറഞ്ഞപ്പോള്‍ പുതിയത് വാങ്ങാമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയിട്ട് എത്രയോ ആയി ... അടുക്കളയിലെ ടാപ്പില്‍ ഇത്തിരി വെള്ളമേ വരുന്നുള്ളൂ ഒന്ന് മാറ്റിത്തരുമോ എന്ന് പറഞ്ഞിട്ടു മാസങ്ങളായി.. വാഷിംഗ് മെഷീനില്‍ വെള്ള വരുന്ന ഹോസ് ലീക്ക് ആയിട്ട് ഒത്തിരി തവണ പറഞ്ഞതായിരുന്നു... മിക്സിയുടെ ജാര്‍... അങ്ങനെ എന്തെല്ലാം... 'ഞാനിത് വരെ കടല്‍ കണ്ടിട്ടില്ല..നമുക്ക് മക്കളെ കൂട്ടി കടല്‍ കാണാന്‍ പോയാലോ ഇക്കാ..' ഓര്‍മ്മയില്‍ അവള് പറഞ്ഞിരുന്ന ഓരോ മോഹങ്ങളും ഓടി എത്താന്‍ തുടങ്ങി. ഇല്ല...എനിക്കൊന്നും ചിന്തിക്കാന്‍ വയ്യ... അവളുടെ കാല്‍ക്കല്‍ പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കാനല്ലാതെ ഇനിയെനിക്കെന്തിന് കഴിയും... ഞാന്‍ കരച്ചില്‍ ഒതുക്കാന്‍ ഒരുപാട് ശ്രമിക്കുന്നുണ്ട്... കഴിയില്ല എന്റെ കൂടെ സുലു ഇനി ഇല്ല എന്ന ചിന്ത എന്നെ വീണ്ടും കരയിപ്പിച്ചു കൊണ്ടിരുന്നു. മൊബൈലില്‍ പാതിരാ വരെ ഇരിക്കാന്‍ വിടാതെ എന്നെ വിളിച്ച് ഉറങ്ങാന്‍ കൊണ്ടുപോകുന്നത്.. പ്രഭാതത്തില്‍ നമസ്‌കരിക്കാന്‍ വിളിച്ചുണര്‍ത്തുന്നത് എല്ലാം എന്റെ സുലു.. പെട്ടെന്ന് കൂട്ടുകാരും കുടുംബക്കാരും വന്നു എന്നെ അവിടെനിന്ന് പിടിച്ചുമാറ്റി, മയ്യത്ത് കുളിപ്പിക്കാന്‍ കൊണ്ടുപോകുകയാണെന്നു പറഞ്ഞു,
'ഞാന്‍ മരിച്ചാല്‍ ഇക്ക എന്റെ മയ്യത്ത് കുളിപ്പിക്കുമോ...' അവളുടെ വാക്കുകള്‍ ഹൃദയത്തിന്റെ കോണില്‍ മുഴങ്ങി. അവളുടെ ആഗ്രഹങ്ങളില്‍ ഒന്ന്.. ഇതെങ്കിലും ഞാന്‍ സാധിപ്പിച്ചു കൊടുക്കട്ടെ. 'ഞാന്‍ കുളിപ്പിച്ച് കൊള്ളാം'... എന്റെ വാക്കുകള്‍ എല്ലാവരെയും അല്‍ഭുത പ്പെടുത്തി. പതിയെ എഴുന്നേറ്റ് അവളുടെ ബന്ധുക്കളുടെ സഹായത്തോടെ അവളെ കുളിപ്പിച്ചു. എന്റെ വിരല്‍ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ഇക്കിളിയാലെ ചിരിക്കുന്ന എന്റെ സുലു... കണ്ണീര് കൊണ്ട് കണ്ണു കാണാതെ ഞാന്‍ എന്റെ പെണ്ണിനെ അവസാനമായി കുളിപ്പിച്ചു, എന്റെ പ്രിയപ്പെട്ടവളെ എന്നില്‍ നിന്നും അകറ്റാന്‍ ഖബറിലേക്ക് കൊണ്ടു പോവാന്‍ തിടുക്കം കൂട്ടുന്ന ബന്ധുക്കള്‍...
അല്‍പ്പനേരം കൂടി കഴിഞ്ഞിട്ട് പോരെ എന്നുള്ള എന്റെ ചോദ്യത്തിന് അവര്‍ പറഞ്ഞു മരിച്ചു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ഖബറടക്കണം എന്ന്. അങ്ങനെ മയ്യത്ത് കട്ടില്‍ കിടത്തി എന്റെ പെണ്ണിനെ പള്ളിക്കാട്ടിലേക്ക് യാത്രയയക്കുകയാണ്. അല്പം നടന്നു പോകണമായിരുന്നു, എന്റെ കാലുകള്‍ ഒന്നും നിലത്തുറയ്ക്കുന്നില്ല തളര്‍ന്നുപോകുന്നു. എന്റെ കൂട്ടുകാര്‍ എന്നെ ഒരു ഓട്ടോയില്‍ കയറ്റി പള്ളിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ കൈ തട്ടിമാറ്റി അവളെ കിടത്തിയ കട്ടിലിന്റെ കാല്‍ ചുമലില്‍ വച്ച് പ്രാര്‍ത്ഥനയോടെ ഞാന്‍ പള്ളിക്കാട്ടിലേക്ക് നടന്നു. മയ്യത്തിന് വേണ്ടി നിസ്‌കരിക്കാന്‍, അവളുടെ ആങ്ങള നിന്നു അവനെ ഞാന്‍ തടഞ്ഞു എന്റെ ജീവന്റെ പാതി ആയവള്‍ക്ക് വേണ്ടി,അല്ല പാതിയല്ല എന്റെ ജീവന്‍ മുഴുവനും അവളായിരുന്നു.ഹൃദയം പൊട്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു അവള്‍ക്കുവേണ്ടി. അങ്ങനെ അവളെ ഖബറിലേക്ക് കൊണ്ടുപോകുകയാണ്.
എന്റെ ഹൃദയം വിതുമ്പാന്‍ തുടങ്ങി എന്റെ മുത്ത് ഇനി കൂടെയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, എല്ലാവരും കൂടി അവളെ മണ്ണറക്ക് ഉള്ളിലേക്ക് ഇറക്കി വെക്കുകയാണ്.. എന്റെ നിനവിലും കനവിലും നിറഞ്ഞു നിന്നവള്‍...കഷ്ടപ്പാടിലും ദുഃഖത്തിലും സുഖത്തിലും കൂടെ നിന്നവള്‍.. പടച്ചോനെ എന്റെ സുലു ഇവിടെ ഒറ്റക്ക്...വല്ലാത്ത പേടിയാണവള്‍ക്ക്... എങ്ങനെ ഖബറില്‍ ഒറ്റക്ക് കിടക്കും അവള്‍.. കല്യാണ വീട്ടിലോ മീന്‍പിടിക്കാന്‍ പുഴയിലോ ഒക്കെ രാത്രി പോയി വരാന്‍ വൈകിയാല്‍ അവള്‍ എപ്പോഴും പറയുമായിരുന്നു 'ഇക്ക രാത്രി എന്നെ ഒറ്റക്കിട്ട് പോവല്ലേ എനിക്ക് എത്രമാത്രം പേടിയാന്നറിയുമോ ..' അവള്‍ ഇതു പറയുമ്പോള്‍ ഞാന്‍ അവളോട് പറയും നിനക്കൊരു ഗള്‍ഫുകാരനെ കിട്ടേണ്ടതായിരുന്നു എന്ന്. അതാ എന്റെ പെണ്ണിന്റെ കബറില്‍ മൂടുകല്ലു വെക്കാന്‍ തുടങ്ങി.. അല്ലാഹ്...ഇരുട്ടിന്റേ മേല്‍ ഇരുട്ട് അല്ലേ ഇവിടെ... മൂടുകല്ല് വെച്ച് എല്ലാവരും മൂന്ന് പിടി മണ്ണ് വാരി അവളുടെ ഖബറിന് മുകളിലേക്കിട്ടു. മണ്ണില്‍ നിന്ന് നിന്നെ സൃഷ്ടിക്കപ്പെട്ടു മണ്ണിലേക്ക് തന്നെയാണ് നിന്റേ മടക്കം.... ഞാനും വിറക്കുന്ന കൈകളുമായി പിടയുന്ന നെഞ്ചുമായി മൂന്നു പിടി മണ്ണ് അവളുടെ ഖബറിന്മേല്‍ വാരിയിട്ടു.
അവര്‍ മണ്ണ് കിളച്ച് ഖബര്‍ മൂടി മീസാന്‍ കല്ല് കുത്തി മീസാന്‍ കല്ലിന്റെ അരികില്‍ മൈലാഞ്ചി ചെടി നട്ടു. അവരുടെ കയ്യില്‍നിന്നും വെള്ളം നിറച്ച കുടം വാങ്ങി ഞാന്‍ മൈലാഞ്ചിച്ചെടികള്‍ നനച്ചു നിന്നെ സ്‌നേഹിക്കാനും ലാളിക്കാനും മറന്നതല്ല പെണ്ണെ ഞാന്‍... ഞാന്‍ മരിച്ചാലും നിനക്കും മക്കള്‍ക്കും സുഖമായി കഴിയാന്‍ വേണ്ടിയല്ലെ ഞാന്‍ കഷ്ടപ്പെട്ടിരുന്നത്... എന്നിട്ടിപ്പോള്‍ എന്നെയും തനിച്ചാക്കി നീ പോയി.. സുലു മാപ്പ് തരൂ എനിക്ക്.. നിന്റെ ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിച്ചു തരാന്‍ കഴിഞ്ഞില്ല... കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും ഞാന്‍ ചെയ്തു തന്നില്ല.. സമ്പത്ത് ഉണ്ടാക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തില്‍, എല്ലാം മറന്നു,, എന്നും നീ എന്റേ കൂടെ ഉണ്ടായിരിക്കും എന്ന് കരുതിയതാണ്...
ഖബറിനരികില്‍ നിന്നും എല്ലാവരും പിരിഞ്ഞു പോയി. മീസാന്‍ കല്ലില്‍ തല ചായ്ച്ച് ഇരുന്ന എന്നെ പിടിച്ചു കൊണ്ടുപോകാന്‍ വന്ന കൂട്ടുകാരോട് ഞാന്‍ പറഞ്ഞു. നില്‍ക്കെടാ കുറച്ചുകൂടി ഇരിക്കട്ടെ, ഇത്തിരിനേരം ഇവളുടെ അരികെ... അവള്‍ക്ക് പേടിയാകും. അവളുടെ വീട്ടില്‍ പോയാലും പെട്ടെന്ന് തന്നെ തിരിച്ചു പോരുന്നത് അവള്‍ക്ക് ഞാനില്ലാതെ രാത്രി ഉറങ്ങാന്‍ പേടിയായിട്ടാണെടാ.. അവള്‍ക്ക് ഞാന്‍ ഇല്ലാതെ ഒറ്റയ്ക്ക് പറ്റില്ലെടാ.. വീട്ടിലുള്ള സമയത്തൊക്കെ അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ഒന്ന് കൂടെ വന്നിരിക്കൂ ഇക്ക എന്ന് പറയാറുണ്ടവള്‍.. പക്ഷേ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെടാ.. അവള്‍ ഒരുപാട് വയ്യാതെ അടുക്കള ജോലി എടുക്കുമ്പോള്‍ പലപ്പോഴും കണ്ടില്ലെന്ന് നടിച്ചിട്ടുണ്ടെടാ... എത്ര വയ്യെങ്കിലും എനിക്കും മക്കള്‍ക്കും വേണ്ടിയുള്ളതൊക്കെ അവള് ചെയ്യും... നിങ്ങള് അരികത്ത് ഉണ്ടെങ്കില്‍ എനിക്ക് വല്ലാത്ത സമാധാനമാണ്...എത്ര ജോലി യെടുത്താലും ക്ഷീണം ഉണ്ടാകില്ല എന്നവള്‍ എത്രയോ വട്ടം പറഞ്ഞിട്ടും കൂടെ ഇരിക്കാന്‍ ശ്രമിക്കാറില്ലെട... അവളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടിട്ടും കാണാതെ പോയിട്ടുണ്ട് ഞാന്‍... എന്റെ കണ്ണീരു കണ്ട് എന്റെ കൂട്ടുകാര്‍ എന്നെ പലതും പറഞ്ഞ് സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ഇന്നെനിക്ക് ഇവളെ ഇവിടെ ഒറ്റക്ക് ഇട്ട് പോരാന്‍ ആവുന്നില്ല. അവളോട് ഞാന്‍ ചെയ്ത എല്ലാ തെറ്റിനും മാപ്പ് പറഞ്ഞു,
അവളുടെ പരലോക വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് ഞാന്‍ എണീക്കാന്‍ ശ്രമിച്ചതും പെട്ടെന്ന് നെഞ്ച് പൊട്ടിപ്പിളരുന്ന വേദന, കൈകാലുകള്‍ തളരുന്നു... മരവിച്ചു പോകുന്നു, ശ്വാസം ഞാന്‍ ആഞ്ഞുവലിച്ചിട്ടും കിട്ടുന്നില്ല, കൈകാലുകള്‍ ഇളക്കാന്‍ കഴിയുന്നില്ല, ഞരമ്പുകളെല്ലാം ആരോ വന്ന് വലിച്ചു പറിച്ചെടുക്കുന്ന പോലെ... കണ്ണുകളില്‍ ഇരുട്ടു വന്ന് നിറയുന്നു, ആരോ ഓടിവന്ന് മറിഞ്ഞുവീണ എന്നെ താങ്ങിപ്പിടിച്ച് വായിലേക്ക് അല്‍പം വെള്ളം പകര്‍ന്നു. ഞാന്‍ അറിഞ്ഞു... ഞാന്‍ യാത്രയാവുകയാണ്... എന്റെ പ്രിയപ്പെട്ടവളുടെ ചാരത്തേക്ക്... അവസാനത്തെ യാത്ര... നീയല്ലാതെ ആരാധനക്കര്‍ഹന്‍ വേറെയാരുമില്ല തമ്പുരാനേ എന്ന് മൊഴിഞ്ഞു ഞാന്‍ വാടിയ ചേമ്പില തണ്ടുപോലെ അവരുടെ മടിയിലേക്ക്, വീണുപോയി.
---
നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ മറന്ന സ്‌നേഹം മടിക്കാതെ..ആവോളം അവര്‍ക്ക് നല്‍കുക, അവരുടെ കൊച്ചു കൊച്ചു മോഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ ശ്രമിക്കുക. നാളെ അവര്‍ നമ്മുടെ കൂടെ ഇല്ലെങ്കിലോ, അത് നമുക്ക് തീര്‍ത്താല്‍ തീരാത്ത വേദനയാണ്.
അലി അക്ബര്‍ തൂത
*****************
ലേഖനങ്ങൾ തുടർന്നും ലഭിക്കാൻ
https://api.whatsapp.com/send?phone=919645585755&text=add_me
[
PLEASE SEE ADS IN MY BLOGS
[www.atozkerala.in , www.atozkerala.blogspot.com]
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
NEW DELHI: steel minister on Sunday said NRI billionaire L N Mittal should stop "maligning" India and its government, asking w...
-
London: India's star shuttler Saina Nehwal eased out her opening match rival and boxer Jai Bhagwan joined his more illustrious team mat...
-
. 2 held on charge of robbing passengers Kochi : The police arrested two people, including a woman, in connection with robbing of valu...
-
Anuj Bidve's killer jailed for life London: The man who shot dead Indian student Anuj Bidve in a 'motiveless' murder in Gre...
-
🚨🚨All Jobs in India🚨 Post Office Jobs Vacancies: 8056 Qualification: 10th Apply Now--> https://goo.gl/qcYKDz _______ Jio Recruitment ...
-
Hyderabad: A young woman employee of Infosys died after allegedly jumping off a building at the IT giant's office at Gachibowli here...
-
Swetha Menon delivers a baby girl in front of camera Tags: Swetha Menon, delivers, camera THIRUVANANTHAPURAM: “My happiness h...
-
[ [www.atozkerala.in , www.atozkerala.blogspot.com]*Apply COCONUT OIL to the soles of your feet* 1. One...
-
Manama: Indian workers who face threats from their employers in Bahrain should immediately approach the authorities, India's ambassador ...
-
________ A to Z kerala .......... [kvk] [www.atozkerala.in , www.atozkerala.blogspot.com] In Current Lok Sabh...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ