✍🏼ബലിപെരുന്നാള്‍ ആത്മാവിന്‍റെ ആഘോഷമാണ്. ആത്മീയതയാണതിന്റെ അടിയാധാരം. ആത്മീയതയില്ലാത്ത ആഘോഷങ്ങളെല്ലാം ഭൌതിക പരിസരങ്ങളില്‍ തിളങ്ങിയണയും. എന്നാല്‍ ആത്മാവിലലിയുന്ന ആഘോഷങ്ങള്‍ ആത്മീയതയാല്‍ സമ്പന്നമാണ്. അത് അമരമായ ആദര്‍ശത്തെയും അതുല്യമായ സന്ദേശത്തേയുമാണ് വെളിപ്പെടുത്തുന്നത്. ബലിപെരുന്നാളും മറിച്ചല്ല.
ഇസ്ലാമിലെ ആരാധനകളിലൊന്നിലും ആഘോഷത്തിന്‍റെ തിമിര്‍പ്പോ പുളകങ്ങളോ കാണാനാവില്ല. എന്നാല്‍ പെരുന്നാളാഘോഷം ആരാധനയാണെന്ന് മതം പഠിപ്പിക്കുന്നു. ആഘോഷിക്കുമ്പോള്‍പോലും ആരാധനയുടെ മണവും നനവും അനുഭവപ്പെടുന്നു. ശബ്ദഘോഷങ്ങളോ വര്‍ണപ്പൊലിമകളോ ഇല്ലാതെപോലും മനസ്സുകളില്‍ ആനന്ദം വിരിയിക്കാന്‍ പെരുന്നാളുകള്‍ക്ക് കഴിയുന്നത് ആത്മീയതയുടെ സാന്നിധ്യം കൊണ്ടാണ്.
ബലിപെരുന്നാളിന്‍റെ ഓളങ്ങള്‍ ഒഴുകിനീങ്ങുന്നത് ചരിത്രത്തിന്‍റെ വിപ്ലവവീഥിയിലേക്കാണ്. ഇബ്രാഹിം നബി (അ)യുടെയും പത്നി ഹാജറയുടെയും മകന്‍ ഇസ്മായീല്‍ (അ)ന്റേയും ജീവിതത്തിന്‍റെ അടരുകളാണ് ബലിപെരുന്നാളിനെ ഹൃദയഹാരിയാക്കിത്തീര്‍ക്കുന്നത്.
ആദര്‍ശഗരിമകൊണ്ടും വിശ്വാസദൃടത കൊണ്ടും ചരിത്രത്തിലേക്ക് ഇരച്ചുകയറുന്ന മുന്നേറ്റമായിരുന്നു അവരുടേത്. ഉന്നതമായ ഒരാദര്‍ശത്തെ ഹൃദയത്തിലേറ്റിയ ഇബ്രാഹിംനബിയും സ്വയം സന്നദ്ധതയുടെ മാതൃകാപുത്രനായി മാറിയ ഇസ്മായീല്‍നബിയും ത്യാഗമനസ്ഥിതിയുടെ സ്ത്രീരൂപമായി തിളങ്ങിയ ഹാജറയും നടന്നുനീങ്ങിയത് ഒരേ ലക്ഷ്യത്തിലേക്കായിരുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന മഹദ്'വചനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇബ്രാഹിമിന്‍റെ ഓരോ നീക്കങ്ങളും. ഏകദൈവവിശ്വാസത്തെ ഹൃദയത്തിലേറ്റി പ്രവര്‍ത്തനപഥത്തിലേക്ക് ഇറങ്ങിച്ചെന്ന ആ മഹാന്‍ പ്രബോധനവഴികളിലെ ദുര്‍ഘടാവസ്ഥകളെ മറികടന്നു. നാട്ടുരാജാക്കന്മാരും നാട്ടുപ്രമാണിമാരും പൌരപ്രമുഖരുമെല്ലാം സത്യപ്രബോധനത്തിനു തടസ്സം നിന്നിട്ടും കൂസലില്ലാതെ മുന്നേറിയ അദ്ദേഹം മഹത്തായ ആദര്‍ശത്തിന് വേണ്ടി കാവലിരുന്നു. കേവലം മുന്നേറ്റമായി മാത്രം അത് ഒതുങ്ങിയില്ല. ഒരു സന്ദേശമായി ലോകം ഏറ്റുപിടിക്കുന്നതിലേക്ക് വികാസം പ്രാപിച്ചു. ചരിത്രം അത് ഉറക്കെ ഏറ്റു ചൊല്ലി.
ഒരു വലിയ പ്രബോധനദൌത്യമായിരുന്നു ഇബ്രാഹിം നബി ഏറ്റെടുത്തിരുന്നത്. അതിന്‍റെ വിജയത്തിനുവേണ്ടി ആവുന്നാതൊക്കെ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. അല്ലാഹു അക്കാര്യം എടുത്തു പറയുന്നു: "ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പനകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷെ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല." [സൂറ 2:124]
ഇബ്രാഹിം നബിയുടെ ജീവിതപാതയാണ് ഏറ്റവും നേരായതെന്നും അതിലൂടെ സഞ്ചരിക്കാന്‍ കഴിയുകയെന്നത് വലിയ കാര്യമാണെന്നുമാണ് ഈ വചനം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ ഈ മാര്‍ഗത്തെ കണ്ടില്ലെന്നു നടിക്കുകയും ഭൌതിക ജീവിതത്തിന്‍റെ സുഖങ്ങളില്‍മാത്രം വ്യാപരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു താക്കീത് നല്‍കുന്നുണ്ട്. ഇബ്രാഹിം (അ) തെരഞ്ഞെടുത്തവഴി അത്യന്തം അപകടമുള്ളതായിരുന്നു. നിഷ്പ്രയാസം ചെയ്തുതീര്‍ക്കാവുന്നത്ര നിസ്സാരമായിരുന്നില്ല അത്. മറിച്ച് കൂരിരുട്ടുകളോടും ദുര്മൂര്ത്തികളോടുമെല്ലാം പടവെട്ടിയ ചരിത്രത്തെ പേറുന്നതാണ് അത്. വെളിച്ചത്തിന്റെ നേരായ പാതയാണത്. അതിനോട് വിമുഖതകാട്ടി പിന്തിരിയുന്നത് ഏറ്റവും വലിയ ഭോഷത്വമാണെന്നും ഖുര്‍ആന്‍ ഉണര്ത്തിയിട്ടുണ്ട്. "സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും". [സൂറ 2:130]
എന്നാല്‍ ഇബ്രാഹിം നബിയുടെ കാലത്തെ നമ്രൂദ് എന്ന സ്വേചാതിപതിയായ രാജാവ് ദൈവത്തെ നിഷേധിക്കുകയും ഇബ്രാഹിമിന്‍റെ മാര്‍ഗത്തെ നിരസിക്കുകയും ചെയ്തവനായിരുന്നു. വലിയ സമ്പത്ത്കൊണ്ട് അനുഗ്രഹിക്കപ്പെട്ട നമ്രൂദ് അനുഗ്രഹദാതാവിനെ മറന്നു അന്ധമായ വഴി തെരഞ്ഞെടുത്തു. ഇബ്രാഹിം (അ) അത് ഓര്‍മ്മപ്പെടുത്തി. ഫലമുണ്ടായില്ല. ഖുര്‍ആന്‍ പറയുന്നത് കാണുക : "ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്.) എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്രാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്".
[സൂറ 2:258].
ഇങ്ങനെ ധിക്കാരത്തിന്റെ സ്വരമുയര്‍ത്തിയ നമ്രൂദ് ഒടുവില്‍ പരാജയത്തിന്‍റെ പടുകുഴിയിലാപതിച്ചു.
ഇബ്രാഹിമിന്റെ മാര്‍ഗം വിജയത്തിന്‍റെ പാതയാണ്. അത് തെരെഞ്ഞെടുക്കുന്നതോട്കൂടി ഒരാള്‍ വിശ്വാസത്തിന്‍റെ മഹത്വം തിരിച്ചറിയുന്നു. ആദര്‍ശത്തിന്റെ ശക്തി ഹൃദയത്തിലേറ്റുന്നു. പ്രവര്‍ത്തനഗോദയിലവന്‍ ഓടിയിറങ്ങുന്നു. നന്മകളുടെ സന്ദേശവാഹകനും തിന്മകളുടെ നൃശംസകനുമായിത്തീരുന്നു. ഖുര്‍ആന്‍ എടുത്തുപറയുന്നതും അത് തന്നെയാണ്. "സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു"
[സൂറ 4:125]. അല്ലാഹുവിന്റെ കൂട്ടുകാരനായി വിശേഷിപ്പിക്കപ്പെടാന്‍മാത്രം മഹത്വം അദേഹത്തിനു നേടിക്കൊടുത്തത് സത്യമാര്‍ഗത്തിന്റെ വിശുദ്ധിയും ആദര്‍ശത്തിന്റെ തെളിച്ചവുമായിരുന്നു.
ഏകദേശം നാലായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് അല്ലാഹുവിന്‍റെ ഉറ്റ മിത്രമായ ഇബ്രാഹിം നബി (അലൈഹിസ്സലാം)യോട് അല്ലാഹുവിന്‍റെ നിര്‍ദ്ദേശം നല്‍കി; ഓമനപുത്രന്‍ ഇസ്മാഈല്‍ നബി (അലൈഹിസ്സലാം)യെ അറുക്കണം. നിര്‍ദേശം നടപ്പാക്കുന്നതിനെക്കുറിച്ച് മഹാന് യാതൊരു ചാഞ്ചല്യവും ഉണ്ടായില്ല. മകനെയും കൂട്ടി മിനാ താഴ്വാരയിലേക്ക് നീങ്ങി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ പോകുമ്പോഴേക്കും അല്ലാഹുവിന്റെ നിര്‍ദ്ദേശം വന്നു; ‘ഇബ്രാഹിം(അലൈഹിസ്സലാം) താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. ഇനി മകനെ അറുക്കുന്നതിനു പകരം ആടിനെ അറുക്കുക’. ഇബ്രാഹീമി (അലൈഹിസ്സലാം) ന്‍റെ ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ആടിനെയുമായി ജിബ്രീല്‍ (അലൈഹിസ്സലാം) മിനാ താഴ്വരയിലെത്തി. അങ്ങനെ ആ മഹാനായ വ്യക്തി, മകനുപകരം ആടിനെ അറുത്തു. അല്ലാഹുവിന്‍റെ ഉറ്റമിത്രമെന്ന പദവി അരക്കിട്ടുറപ്പിച്ചു. ഇതൊരു മാതൃകാ പ്രവര്‍ത്തനമാണ്. ഇതിന്‍റെ അലയടി അന്ത്യനാള്‍ വരെ ഭൂമുഖത്തുണ്ടാകണമെന്നത് അല്ലാഹുവിന്‍റെ തീരുമാനമാണ്. അങ്ങനെ ഇസ്മായീലി (അലൈഹിസ്സലാം)നു പകരമായി ഇബ്‌റാഹീം(അലൈഹിസ്സലാം) ആടിനെ ബലി നല്‍കി. ഈ സംഭത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് വിശ്വാസികള്‍ ഈ സുദിനത്തില്‍ ബലികര്‍മം നീര്‍വഹിക്കുന്നത് ഇബ്രാഹിം നബി(അലൈഹിസ്സലാം) മാതൃകാ പുരുഷനാണ്. അവര്‍ കാണിച്ച മാതൃകാ പ്രവര്‍ത്തനം എക്കാലത്തും അനുസ്മരിക്കപ്പെടുന്നു.
ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദരാകാതെ ഈശ്വര നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും ത്യജിക്കാന്‍ മനുഷ്യന്‍ ആജ്ഞാപിക്കപ്പെട്ടു. ആ ആജ്ഞാപനാനുസരണത്തിന്‍റെ ആള്‍രൂപമായി ഇബ്രാഹീം (അലൈഹിസ്സലാം) ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു ജീവിത പാതയിലെ മുള്‍കിരീടങ്ങള്‍, അഗ്നികുണ്ഡം, ശക്തമായ പരീക്ഷണങ്ങള്‍ ഇവയെല്ലാം ഇബ്രാഹീം(അലൈഹിസ്സലാം) മനോദാര്‍ഢ്യത്തോടെ നേരിട്ടു. ഭൗതിക ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ ദൈവശാസനക്കും നീതിക്കും മുമ്പില്‍, ഭൗതികപ്രമത്തതക്കു വശംവദരാവാതെ ഈ ലോകത്തും മരണ ശേഷമുള്ള ജീവിതത്തിലും വിജയം വരിക്കണമെന്നും ലോകത്തുള്ള ജനസമൂഹത്തിന് മുഴുവന്‍ ഇബ്രാഹീം(അലൈഹിസ്സലാം) മാതൃകയും നേതാവുമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
"ഇബ്രാഹീം (അലൈ ഹിസ്സലാം)നെ തന്‍റെ നാഥന്‍ ചില കാര്യങ്ങളില്‍ പരീക്ഷിച്ച സന്ദര്‍ഭം ഓര്‍ക്കുക. അദ്ദേഹം അത് പൂര്‍ത്തിയാക്കി. അല്ലാഹു പ്രഖ്യാപിച്ചു. ഞാന്‍ താങ്കളെ ജനങ്ങള്‍ക്കു ഇമാമാക്കിയിരിക്കുന്നു. ഇബ്രാഹിം (അലൈഹിസ്സലാം) പറഞ്ഞു എന്‍റെ സന്താനങ്ങളില്‍നിന്നും നീ ജനങ്ങള്‍ക്ക് ഇമാമാക്കേണമേ. അല്ലാഹു പറഞ്ഞു. എന്‍റെ കരാര്‍ അക്രമികള്‍ക്കു ലഭിക്കില്ല” (അധ്യായം:അല്‍ബഖറ)
സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ ഓര്‍മകളില്‍ നിന്നും പാഠങ്ങള്‍ സ്വീകരിക്കുകയാണ് ബലിപെരുന്നാളിലൂടെ നാം ചെയ്യുന്നത്. ത്യാഗത്തിന്‍റെ തീച്ചൂളയില്‍ കാച്ചിയെടുത്ത ഈമാനികാവേശത്തോടെ ഇന്നലെകളുടെ കനല്‍പഥങ്ങളിലൂടെ നടന്നുപോയ ഒരു കുടുംബത്തിന്‍റെ ഐതിഹാസികമായ ചെയ്തികളുടെ പുനപ്രകാശനമാണിവിടെ ഇത്. കഥ കഥനത്തിലും ചരിത്ര ചിത്രണത്തിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. വരികള്‍ക്കിടയിലൂടെ വായിക്കുക വഴി ആത്മാവിന്‍റെ തീരങ്ങളില്‍ കോറിയിടപ്പെടേണ്ടതാണ്.
ചരിത്രങ്ങള്‍ കാലത്തിന്‍റെ കേവലം പ്രതികരണങ്ങളല്ല, മറിച്ച് വരും കാലത്തിന്‍റെ മാര്‍ഗ്ഗദര്‍ശനവും കെടാവിളക്കുമാണ്, ത്യാഗനിര്‍ഭരമായ മഹദ് ജീവിതങ്ങളുടെ പുനര്‍വായനയാണ് പെരുന്നാള്‍. അര്‍പ്പണ ബോധത്തിന്‍റെയും ത്യാഗസന്നദ്ധതയുടെയും വിജയാരവങ്ങളാണ് പെരുന്നാള്‍, ദിനരാത്രങ്ങളില്‍ തക്ബീറിന്‍റെ അമരധ്വനികളായി അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്; "അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ ലാഇലാഹ ഇല്ലല്ളാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്"
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....